ഏതാണ്ട് ലാല്‍ ജോസും സംഘവും റഷ്യയില്‍ ചുറ്റി തിരിയുന്ന സമയത്താണ് ഞങ്ങളുടെ യാത്രാപദ്ധതി നടക്കുന്നത്.കൃത്യമായി പറഞ്ഞാല്‍ ലോകസമാധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യാത്ര ചെയ്ത ആ മൂന്നു പേര് സ്വന്തം വണ്ടിക്കുള്ളിലിരുന്നു അടിച്ചു പിരിയുമ്പോള്‍ ഞങ്ങളുടെ വാഹനം നീങ്ങി തുടങ്ങി.
****
കാത്തിരിപ്പാണ് ദല്‍ഹി പാലം വിമാനത്താവളത്തില്‍, ഒരു ബാല്യകാല ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വപ്നദേശമായ ലഡാക്കിലെക്കുള്ള യാത്ര ആരംഭിക്കും.ഒന്നരമണിക്കൂറിനു ശേഷം സഹയാത്രികരും മുഖ്യ സൂത്രധാരികളും ആയ ചെന്നൈയില്‍ നിന്നുള്ള പത്തംഗ സഘം എത്തി ചേര്‍ന്നു. എല്ലാവരും തന്നെ ഒരുമിച്ചു പഠിച്ചവരോ ജോലി ചെയ്യുന്നവരോ ആണ്.കാര്‍ റെന്റെല്‍ കമ്പനയിലെ ആളുകള്‍ ഞങ്ങളെ കാത്ത് എയര്‍പോര്‍ട്ടില്‍ വന്നിരുന്നു.അവരുടെ കൂടെ പോയി ചില പേപ്പര്‍ വര്‍ക്കുകള്‍ക്കൊടുവില്‍ വാഹനം കൈമാറി.യാത്രക്കാരില്‍ എട്ടുപേര്‍ മഹീന്ദ്രയില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇക്കാരണത്തല് രാത്രി മഹീന്ദ്രയുടെ ദല്‍ഹി റെസ്റ്റ് ഹൌസില്‍ താമസം തരപ്പെട്ടു.
അടുത്ത ദിവസം
രാവിലെ ആറു മണിക്ക് തന്നെ എണീറ്റ് യാത്ര തിരിക്കാന്‍ ആര്‍ക്കും മടി
ഉണ്ടായിരുന്നില്ല. ആകാംഷയും ആവേശവും ചേര്‍ന്ന് ഉന്മേഷത്തിലയിരുന്നു എല്ലാവരും.ദല്‍ഹി നഗരത്തില്‍
തിരക്കക്കേറുന്നതിനു മുമ്പ്തന്നെ നഗര പ്രദേശങ്ങള്‍ വിട്ട് ഹരിയാനയുടെ
സമതലങ്ങളിലൂടെ വാഹനം നീങ്ങി. 600 കി മി അകലെയുള്ള
ജമ്മു ആണ് ലക്ഷ്യം. ഏതെങ്കിലും കാരണത്താല്‍ അവിടെ എത്തിച്ചേരാന്‍ സാധിക്കാത്ത
പക്ഷം പത്താന്‍കോട്ടില്‍ തങ്ങണം എന്നതാണ് പ്ലാന്‍ B
.യാത്ര ഹരിയാന പഞ്ചാബ് അതിര്‍ത്തിയിലുള്ള അമ്പാലയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള
ശ്രീഗണേഷിന്റെ സുഹൃത്ത് തന്റെ അച്ഛനോടൊപ്പം കാത്തുനിന്നിരുന്നു. ഒരാഴ്ചക്കുള്ളില്‍
വിവാഹിതയാകാന്‍ പോകുന്ന ആ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ലസിയും പിന്നി എന്ന മധുര
പലഹാരവും വിളമ്പി.രാശി എന്ന ആ പെണ്‍കുട്ടിക്ക് നല്ല രാശിയും നേര്‍ന്നു ഞങ്ങള്‍ പഞ്ചാബിന്റെ സമതലങ്ങളിലൂടെ കുതിച്ചു. NH - 1 ലൂടെയാണ് യാത്ര,ഭേതപ്പെട്ട ട്രാഫിക് ഉണ്ട്
വഴിയുടെ കാര്യവും ഭേതമെന്നു തന്നെ പറയാം പഞ്ചാബിന്റെ കാഴ്ചകളും രുചികളും
ആസ്വദിച്ച് വൈകീട്ട് 7.30
യോടെ ഞങ്ങള്‍ ജമ്മുവില്‍ എത്തിച്ചേര്‍ന്നു. കഥ
ഇതു വരെ ആവേശകരം സംതൃപ്തം.
അടുത്ത പാദം ജമ്മു ശ്രീനഗര്‍ ആണ്. വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കശ്മീര്‍ ആസ്വദിച്ചുള്ള യാത്ര. നിലവിലുള്ള വഴിക്ക് സമാന്തരമായി പലയിടത്തും പുതിയ ഹൈവേയുടെ പണി നടക്കുന്നു.നിരവധി ടണലുകളും വയഡക്റ്റുകളുമുള്ള ഈ വഴി പൂര്ത്തിയകുന്നതോടു കൂടി കശ്മീരിന്റെ ശീതകാല തലസ്ഥാനമായ ജമ്മുവും വേനല്‍ കാല തലസ്ഥാനമായ ശ്രീനഗറും തമ്മില്‍ എളുപ്പത്തില്‍ ബന്ധിക്കപ്പെടും.വഴിയരികില്‍ കാണുന്ന നദികളുടെ പേര് പഴയ സാമൂഹ്യപാഠം വാചകങ്ങള്‍ ഓര്‍മയിലേക്ക് തള്ളി ഇറക്കും. ഇന്ത്യയുടെ നാഡീ വ്യൂഹങ്ങളായ ഈ നദികളിലാണ് പല വന്‍ വൈദ്യുത ജലസേചന പദ്ധതികളും. പത്താന്‍കോട്ട് കഴിയുന്നതോടെ ഭൂപ്രകൃതി മാറി, കൂടാതെ സൈന്യത്തിന്റെ വിന്യാസവും. ശ്രീനഗര്‍ അടുക്കും തോറും തോക്കേന്തിയ സൈനികരെ വഴിയരികില്‍ കാണാം.
“Kashmir
is the crown of India”
വിലപിടിച്ച ഈ
കിരീടം കാക്കാന്‍ അത്രയേറെ സൈനീകര്‍ അവിടെ വിന്യസിച്ചിട്ടുണ്ട്.വൈകുന്നേരം ഞങ്ങള്‍
ശ്രീനഗറില്‍ എത്തിച്ചേര്‍ന്നു. പ്രതീക്ഷകള്‍ക്ക് വിപരീതമായി ശ്രീനഗറില്‍ നല്ല
ചൂടാണ്. കുളിരുള്ള ശ്രീനഗര്‍ പ്രതീക്ഷിച്ച് വന്നവര്‍ വിയര്‍ത്ത് കുളിച്ച് ഹോട്ടല്‍
മുറി തപ്പി നടന്നു. പ്രതീക്ഷയിലെ ശ്രീനഗര്‍ ഒരു ആന ആയിരുന്നു,,, നേരിട്ട്
കണ്ടപ്പോള്‍ ആടും!! ഞങ്ങളുടെ അമിത
പ്രതീക്ഷ കൊണ്ടായിരിക്കാം ദാല്‍ തടാകവും പ്രതീക്ഷകള്‍ക്ക് കീഴെ ആയിരുന്നു. ഗിരി
നിരകളാല്‍ വലയം ചെയ്യപ്പെട്ട സുന്ദരിയായ ദാല്‍ എന്നൊക്കെ വേണേല്‍ ഇവിടെ എഴുതി
പിടിപ്പിക്കാം .എന്നാലും ഉള്ളത് പറയാലോ , ഒരു ദാല്‍ തടാകം കാണാന്‍ മാത്രമയി ശ്രീനഗറിലേക്ക് ഇറങ്ങി തിരിച്ചാല്‍
മൂഞ്ചി പോകും.! എന്നിരുന്നാലും വെള്ളത്തിന്റെ നിലവാരം മെച്ചപ്പെട്ടതാണ്. ഒരു
ഇരുപതു വര്‍ഷത്തിനു ശേഷമേ അതിനൊരു വേമ്പനാട്ടു കായലിന്റെ ഗതി വരുകയുള്ളു എന്ന്
പ്രതീക്ഷിക്കാം.
രണ്ടാം ദിനം
ശ്രീനഗറില്‍ നിന്നും കാര്‍ഗില്‍ .., കുളിരുന്ന കശ്മീര്‍ പ്രതീക്ഷിച്ചു പോയിട്ട്
ഉഷ്ണിക്കുന്ന മുറിയില്‍ കിടന്നതിന്റെ ഇച്ഛാഭംഗം പലര്‍ക്കുമുണ്ട്.പക്ഷെ പുതിയ ദിനം
പുതിയ പ്രതീക്ഷ....യാത്ര തുടരുകയാണ് ....കശ്മീര്‍ താഴ്വരയുടെ ഭംഗി ഏറി.
ഇടക്കിടെ പതഞ്ഞൊഴുകുന്ന ഹിമാലയന്‍ നദിക്കരകളില്‍ നിര്‍ത്തി കാല് നനച്ചായി യാത്ര....ഇടക്ക്
വണ്ടിയിലിരുന്ന ശ്രീ ഗണേശന് വിളിച്ചു പറഞ്ഞു
“ദേ നോക്ക് മഞ്ഞ് ...”
കാത്തിരുന്ന മഞ്ഞ് കണ്ടതിന്റെ നിലവിളി ആയിരുന്നു അത്.അകലെ ഒരു മലമുകളില്‍ മഞ്ഞ് അവിടവിടങ്ങളിലായി കാണാം.ഇനി കണ്ടില്ലെങ്കിലോ എന്ന ശങ്കയില്‍ ഉടന്‍ തന്നെ ആ രംഗം ക്യാമറയില്‍ പകര്‍ത്തിയിട്ടാണ് യാത്ര തുടരുന്നത്. കാരണം പുറത്ത് അപ്പോഴും
മോശമല്ലാത്ത ചൂടാണ്.
പോകുന്ന വഴിയിലാണ് സോനാമാര്‍ഗ് എന്ന വിനോദ
സഞ്ചാരകേന്ദ്രം.വാഹനം നിര്‍ത്തിയ പുറകെ ആളുകള്‍ കൂട്ടമായി വന്ന് കുതിരപ്പുറത്ത്
കയറാം മഞ്ഞ് മലയില്‍ പോകാം എന്നൊക്കെ
പറയുന്നുണ്ട്.ആ സമയത്തും അവിടെ ഏകദേശം 30 ഡിഗ്രി ചൂടുണ്ട്.ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍
കുതിരപ്പുറത്ത് കേറി ഞങ്ങള്‍ മഞ്ഞ് കാണാനായി തിരിച്ചു. പോയി പോയി
കുതിരക്കാരന് ഞങ്ങളെ മഞ്ഞിന്നരികില് എത്തിച്ചു,ആ ചൂടില്‍ അവിടെ മഞ്ഞ് പാളികള്‍
കിടക്കുന്നത് കണ്ടപ്പോള്‍ എന്റെ സ്വദേശമായ വയനാട്ടില്‍ മിനിമം ഒരമ്പതേക്കര്‍
മഞ്ഞെങ്കിലും കാണേണ്ടതായിരുന്നെന്നു തോന്നി.അപ്രതീക്ഷിതം .....ഇത്തരം അപ്രതീക്ഷിതങ്ങളില്‍
ആണല്ലോ യാത്രയുടെ സൌന്ദര്യം. ജീവിതത്തില്‍ ആദ്യമായി മഞ്ഞ് കൈയ്യില്‍ വാരി
മഞ്ഞിലേക്ക് മറിഞ്ഞു ചാടി.
കാര്‍ഗില്‍ യുദ്ധ സ്മാരകം ആയിരുന്നു അടുത്ത സ്റ്റോപ്പിംങ്ങ് പോയിന്റ്.വളരെ ദൂരത്തു നിന്നു തന്നെ തിളങ്ങി പറക്കുന്ന ദേശീയ പതാക കാണാം.യാത്രക്കിടെ അവിടെ വച്ചാണ് ഞങ്ങള്‍ ഒരു ഇന്ത്യന്‍ സൈനീകനുമായി സംവദിക്കുന്നത്.കാര്‍ഗില്‍ യുദ്ധം നടന്നത് ഞങ്ങളുടെ കണ്മുന്നില് കാണുന്ന മല നിരകളിലാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ അവിശ്വസനീയതയുടെ ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നു പോയി.ടൈഗര്‍ ഹില്ലും ടോലോലിംഗ് പോയന്റും കണ് മുന്നില്‍..! മലനിരകളില്‍ നുഴഞ്ഞു കയറിയ പാക് സൈനീകരെ തുരത്തിയ സംഭവം ദേശ ഭക്തി തുളുമ്പുന്ന അതിശയോക്തി കലരാത്ത വാക്കുകളില്‍ അയാള്‍ വിവരിച്ചപ്പോള്‍ വിവരണാതീതമായ ചില സ്നേഹ വികാരങ്ങളിലായി മനസ്. യുദ്ധത്തില്വീര ചരമം പ്രാപിച്ച സൈനീകരുടെ സ്മാരക ഫലകങ്ങള്ക്കിടയിലൂടെ നടന്നപ്പോള്‍ താഴ്വരയുടെ നിശബ്ധത മാറ്റിയത് ഇടക്കിടെ വീശുന്ന തണുത്ത കാറ്റ് മാത്രമായിരുന്നു. അവിടെ തെളിയുന്ന ചില മലയാളി പേരുകള്‍ കേരളത്തിലെ ഏതോ കുടുംബത്തിന്റെ വേദനയാണെന്ന തിരിച്ചറിവും മനസിന് കനം വെപ്പിച്ചു.
തുടര്‍ന്നങ്ങോട്ടുള്ള യാത്രയില്‍ ഇന്ത്യന്‍ സൈന്യത്തോടുള്ള മനോഭാവം പാടെ മാറി മറിഞ്ഞു.ഏതൊരു സന്ദര്‍ഭത്തിലും നിങ്ങളെ ഏതു വിധേനയുംസംരക്ഷിക്കാനും സഹായിക്കുവാനും തയ്യാറുള്ളവര്‍ ആണ് ഇന്ത്യന്‍ സൈനീകര്‍ എന്ന് ഇതു പോലൊരു യാത്രയില്‍ ഉത്തമ ബോധ്യം വരും.പിന്നീടങ്ങോട്ട് സൈന്യത്തില്‍ നിന്നും ലഭിച്ച കരുതലും സഹായങ്ങളും അനവധി ...അവയില്‍ ചിലത് വഴിയെ പറയാം .
യാത്ര ദുര്‍ഘടം പിടിച്ച പാതയിലൂടെ നീങ്ങി ..ഇനി അങ്ങോട്ട് പൊടി,ചെളി,കല്ലുകള്‍,വെള്ളകെട്ടുകള്‍,വശങ്ങളില് അഗാധമായ ഗര്‍ത്തങ്ങള്‍,അടര്‍ന്നു വീഴുന്ന
പാറക്കൂട്ടങ്ങള്‍ ,വീതി കുറഞ്ഞ വഴി,വളരെ ചേര്‍ന്നു കുത്തി ഒഴുകുന്ന സിന്ധു നദി
തുടങ്ങി ഈ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നോ ഇവയുടെ കോമ്പിനേഷനുകളോ... ഏതെങ്കില്ലും
ഒന്ന് പ്രതീക്ഷിക്കാം. ഇതിനെ കുറിച്ച് ഇതിലധികം വര്‍ണന ഇല്ല . ഈ യാത്രയില്‍ ഈ
കാര്യങ്ങള്‍ default mode ല്‍ ഉണ്ടാകും. ഇന്നത്തെ യാത്രയുടെ അവസാനം കാര്‍ഗില്‍ ആണ്.വഴിയില്‍ കാര്‍ഗില്‍ ആര്‍മി cafeteria യുടെ പരസ്യം കണ്ടു. അതേപറ്റി ഒരു ആര്‍മി
ക്യാമ്പിനു മുന്നില്‍ നിന്ന ഒരു സൈനീകനോട് തിരക്കി.ഒരു മലയാളി ഹിന്ദി ‘ബോല്തു’ ബോളുണ്ടാകുന്ന
ശക്തമായ അമ്മ മലയാളത്തിന്റെ സ്വാധീനം കേട്ട ജവാന് മറുപടി മലയാളത്തില്‍ തന്നു! ഇതു പ്രതീക്ഷിക്കാം കാരണം ഇന്ത്യന്‍ സൈന്യത്തില്‍
ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നു. എന്നാല്‍ ജോര്‍ജ്ജ് ഈപ്പന് എന്ന ആ കോട്ടയംകാരന് ആ കാര്‍ഗില്‍ ക്യാമ്പിലെ ഏക മലയാളി ആണെന്ന കാര്യം
അപ്രതീക്ഷിതം!!! അദ്ദേഹത്തിന്റെ സഹായത്താല്‍ കാര്‍ഗിലില്‍ ഞങ്ങള്‍ക്കൊരു ഹോട്ടല്‍
മുറി എളുപ്പത്തില്‍ ലഭിച്ചു. രാത്രി ഭക്ഷണത്തിനായി ഞങ്ങള്‍ അടുത്തുള്ള restaurant –ലേക്ക് നടക്കുമ്പോള്‍ വഴി അരികില്‍ ഒരു വൃദ്ധന്
ആട്ടിറച്ചി ചുടുന്നു .നീണ്ട കമ്പിയില്‍ കോര്‍ത്ത ആട്ടിറച്ചി കഷണങ്ങള്‍ കത്തുന്ന കനലില്‍
ചുട്ടെടുക്കുന്നു. ഒരു സെറ്റ് വാങ്ങി രുചിച്ചു നോക്കി.പിന്നീട് അദ്ദേഹത്തിന്റെ
പക്കലുള്ള ഇറച്ചി മുഴുവന്‍ തീര്‍ത്തിട്ടേ ഞങ്ങള്‍ അവിടെനിന്നു നീങ്ങിയുള്ളു...
കാശ്മീരില്‍ ധാരാളം ചെമ്മരിയാടുകള്‍ ഉണ്ട്.
ഇവയുടെ രോമം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പശ്മീന സില്ക്ക്പ്രശസ്തമാണ്എന്തായാലും ഇവിടങ്ങളില്‍
ആട്ടിറച്ചി സുലഭവും വിലക്കുറവുമാണ്. ഇപ്പറഞ്ഞ ചുട്ട ഇറച്ചിയാണെങ്കില്‍ രുചികരവും .
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ ലഡാക്കിലെ
പ്രധാന നഗരമാണ് ലേ .ഇവിടെ ഒരു ലക്ഷത്തിലേറെ ജനവസമുണ്ട്.
“നഗരങ്ങളില്‍ ഞങ്ങള്‍ രാപാര്‍ക്കും ,പകല്‍ നേരങ്ങളില്‍
പ്രാന്തപ്രദേശങ്ങളില്‍ ചുറ്റി അടിക്കും”
ഇതായിരുന്നു ഞങ്ങളുടെ ശൈലി. ലേ നഗരം കാണാന്‍ സമയം ഇല്ലായിരുന്നു ..നടക്കാന്‍
ത്രാണിയും ഇല്ലായിരുന്നു . സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍
ഉയരത്തിലെ നേര്‍ത്ത വായുവില്‍ oxygen കുറവാണ് അതിന്റെ ചെറിയ
ക്ഷീണം ഉണ്ട് കൂടാതെ ചിലര്‍ക്ക് altitude sickness ന്റെ
ചില ബുദ്ധിമുട്ടുകളും .യാത്രയില്‍ acclimatization (കാലാവസ്ഥയുമായി
പൊരുത്തപ്പെടല്‍) ഉള്ള സാവകാശം പ്ലാനിലില്ല. അടുത്തുള്ള ശാന്തി
സ്തൂപം സന്ദര്‍ശിച്ച് ഞങ്ങള്‍ ഹോട്ടലില്‍ പുതുപ്പിനുള്ളിലേക്ക് ചുരുണ്ടു. കാരണം അടുത്ത
ദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സഞ്ചാര യോഗ്യമായ വഴിയിലൂടെയാണ് യാത്ര.
\
This comment has been removed by a blog administrator.
ReplyDeletejephye....kallakki ttooo :)
ReplyDeletenalithethra kazhinjadi nee ethu vayikkanathu?
ReplyDelete