Wednesday, September 3, 2014

ഇരുപതാണ്ട് പിന്നോട്ട് -story


     ഇന്നലകളെ  തിരഞ്ഞുള്ള  ഓർമകളുടെ  അറ്റത്ത് സുന്ദരമായ ഒരു ബാല്യമുണ്ടായിരുന്നു!                         


       ഒന്നാം ക്ലാസ്സ്‌ -B ; അവിടെ ബെനറ്റാമ്മ sisterinte ശിക്ഷണത്തില്‍  പത്ത് മുപ്പതു പിള്ളേര്‍ കൊരണ്ടി പലകയുടെ ഉയരമുള്ള ബെഞ്ചില്‍ ഇരിക്കുവാണ്. അക്കൂട്ടത്തില്‍ ഒരു തടിയൻ  ചെറുക്കൻ കേട്ടെഴുത്തിന്‍റെ  വാക്ക് സ്ലേറ്റില്‍ എഴുതി തല ചൊറിഞ്ഞു നിന്നു. 'പുലി ' എന്ന വാക്കില്‍  'ല'- യുടെ വള്ളിക്ക് നീട്ടി  കെട്ടുണ്ടോ എന്നാണ് അവന്‍റെ  സംശയം .

    കേട്ടെഴുത്തില്‍ ഇത്തരം സംശയ ദൂരീകരണത്തിന് എന്ത് ചെയ്യണമെന്നു അവനറിയാം .  'പുലി'ക്കായി അദ്ദേഹം വലത്തോട്ട് തിരിഞ്ഞു പുലികളെ നോക്കി അവന്മാര്‍ ഉത്തരം എഴുതി സ്ലേട്ട് കമഴ്ത്തി വച്ചിരിക്കുവാണ്. കക്ഷി ഇടത്തോട്ടു തിരിഞ്ഞു നോക്കി അവിടെ നജ്മത്ത് ഇരുന്നു എഴുതുവാണ് .നീല തട്ടമിട്ട കൊച്ചു സുന്ദരി  നജ്മത്ത് ;   കപ്പ കൊള്യോളം പോന്ന അവളുടെ ടീ സ്പൂണ്‍ പോലത്തെ കൈയ്യുടെ അറ്റത് ഒരു കല്ല്‌ പെന്‍സില്‍, അതിനൊരു ഹീറോ പെന്നിന്‍റെ വലിപ്പം വരും!.                                       
വശ്യ മനോഹരമായ ഒരു കല്ല്‌ പെന്‍സില്‍ !
                            അക്കാലത്ത് മുഴുനീള കല്ല്‌ പെന്‍സില്‍ അന്തസിന്‍റെയും ആഭിജാത്യത്തിന്‍റെയും പ്രതീകമായിരുന്നു. അതിന്‍ മേല്‍ ഒട്ടിച്ചിരുന്ന ചുവപ്പും നീലയും നിറത്തിലുള്ള വര്‍ണകടലാസ്  മാറ്റത്തെയാണ്  നായകന്‍  'അ' എഴുതി ഒരു ദിവസം ആരംഭിച്ചിരുന്നത്  .ഉച്ചയാകുമ്പോള്‍ ആ പെന്‍സില്‍ മിനിമം  രണ്ടു കഷണമാകും വൈകുന്നേരമാകുമ്പോള്‍ അതിന്‍റെ  പൊടിപോലും കാണില്ല .എല്ലാദിവസവും നായകന്‍ പെന്സിലിനായി കൈ നീട്ടും ചിലപ്പോള്‍ മുഴു പെന്‍സില്‍ ചിലപ്പോള്‍ മുറി പെന്‍സില്‍ അഥവ കണ്ടം പെന്‍സില്‍ അമ്മച്ചി എടുത്തു തരു.

               നല്ല സ്ലേറ്റു പെന്സിലിന്‍റെ സ്റ്റാറ്റസ് അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല , ഒരു മുറി  പെന്‍സില്‍ കൂട്ടുകാരന് കടം കൊടുത്താല്‍ അതിന്റെ നന്ദിയും   സ്നേഹവും ഒരു മണിക്കൂറൊക്കെ നിക്കും. ജനാതിപത്യ അധിഷ്ടിതമായി    ബാര്‍ട്ടര്‍ സംവിധാനം നിലനിന്ന അക്കാലത്തു പ്രധാന വിപണന വിനിമയോപാധി  മുറി പെന്‍സിലായിരുന്നു.മമ്മൂട്ടിക്കയുടെ കുമ്മട്ടിക്കടയുടെ പിന്നാംപുറത്ത് വീണു കിടക്കുന്ന പ്ലാസ്റ്റിക്‌  straw  പെറുക്കിയെടുത്തു പീപ്പിയുണ്ടാക്കി ,അത് ചുവന്ന പൊട്ടിന്‍റെ  കുപ്പിയിലാക്കി കുപ്പിയുടെ നീണ്ട കമ്പുള്ള അടപ്പുകൊണ്ട്, ഓരോ പീപ്പിയും കുത്തിയെടുത്തു, ഹൈജീനിക്കായി, ഒരു മുറി പെന്‍സിലിനു വിറ്റിരുന്ന ശരത്ത് അക്കാലത്തെ വല്യ ധനവാനയിരുന്നു.അവന്‍റെ  ആസ്ഥി അക്കാലത്ത് രണ്ടു ബോക്സ്‌ മുറി പെന്സിലോളം വരുമായിരുന്നു...!!!
   മോഹിപ്പിക്കുന്ന വസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു; റബ്ബര്‍ ബാന്റും  കുപ്പിയടപ്പും കൊണ്ടു നിര്‍മിക്കുന്ന ഒറ്റച്ചക്ര വണ്ടി  ഞങ്ങള്‍   പൊട്ടി പ്പോളിഞ്ഞ സ്കൂള്‍ വരാന്തയിലൂടെ  ഓഫ്‌റോഡിങ്ങിനുപയോഗിച്ചിരുന്നു. പലപ്പോഴും ഇത്തരം വണ്ടികളുടെ റേസിങ്ങുകള്‍ വന്‍ ജനക്കൂട്ടത്തിന്‍റെ  മധ്യേ നടത്തി പോന്നിരുന്നു. അതില്‍ മുന്നിട്ടു നിന്നിരുന്ന  ഊച്ചുവിന്റെ (ഹുസൈന്‍) വണ്ടി ഒരു നോട്ടു ബുക്കിന്റെ നീളം ഒന്നര മിനുട്ടില്‍ പിന്നിടുമായിരുന്നു. ഇതു കൂടാതെ  ചുവന്നു കലങ്ങിയ ചെളി വെള്ളത്തിലൂടെ കുതിക്കുന്ന ഉജാല കുപ്പി ബോട്ട്!! (അക്കാലത്തു ദ്വാരക AUP സ്കൂളില്‍   ആണ്‍  കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്ന  അമ്മമാര്‍ക്ക് പെട്ടെന്ന് കാലിയാകുന്ന ഉജാലകുപ്പിയുടെ കാരണം ചുരുളഴിയാത്ത ഒരു  സമസ്യ ആയിരുന്നു) , എവ്ടെന്നെലും കിട്ടുന്ന റീഫില്ലറിന്‍റെ   നിബ്ബ് കടിച്ചു പൊട്ടിച്ചു ചെളി വെള്ളത്തില്‍ പായുന്ന റോക്കെറ്റ്‌ , തെരുവയുടെ കമ്പ് സില്‍വര്‍ ഓക്കില്‍  അടിച്ചുണ്ടാക്കുന്ന ബ്രെഷ് ,ഓല പമ്പരം ,കടലാസ് പമ്പരം, അങ്ങനെ അങ്ങനെ...

                      അപ്രാപ്യമായ വസ്തുക്കള്‍ക്ക് മൂല്യം കൂടുമല്ലോ?, റേഡിയോവിന്‍റെ ബോര്‍ഡ് തല്ലി  പൊട്ടിച്ചു അതില്‍ LED  ഘടിപ്പിച്ചു ലൈറ്റ് തെളിയിച്ച ഊച്ച്ചുവിന്‍റെ പ്രതാപം ഇന്ന് ബെന്സില്‍ കേറി നടക്കുന്നവനില്ല !.    അന്നാ ഇലക്ട്രോണിക് ലൈറ്റ് system-ത്തിനു ഊച്ചു പറഞ്ഞ മൂല്യം 400 മുറി പെന്സിലാണ് ! അത്  എന്‍റെ ഒരു വര്‍ഷത്തെ  ചാടി പോകുന്ന പെന്സിലുകളുടെ എണ്ണത്തോളം  വരും !!!
അവനെ മോഹിപ്പിക്കാന്‍ നായകനൊരു പദ്ധതി ഇട്ടു. അക്കാലത്ത് എല്ലാരും സ്ലേറ്റു മയിക്കുന്നത് മഷി തണ്ട്, സൂചി തുളയിട്ട ഹോമിയോ കുപ്പി തുടങ്ങിയവയാണ് .5 വയസ്സുകാരന്‍റെ തലയിലെ   ബുദ്ധി!; വീട്ടില്‍ ഒന്നര ലിട്ടെറിന്‍റെ  ഒഴിഞ്ഞ വിസ്കി കുപ്പി ഉണ്ടാരുന്നു. രാവിലെ യൂണിഫോം ഇട്ടു 1.5 liter-ന്‍റെ കുപ്പി പൈപ്പിന്‍റെ  ചോട്ടില്‍ വെച്ചു അവനതില്‍   വെള്ളം നിറക്കുവാണ്....അമ്മ ചോദിച്ചു 

                                                                               ഇതെന്തിനാടാ????!




                                                                                സ്ലേറ്റു മായിക്കാന്‍!!!!!!!!!!!!!!!!!!! 

                  തന്‍റെ ബിസ്സിനെസ്സ് പരമായ ഉയര്‍ച്ചക്ക് വീട്ടില്‍ നിന്നും ഒരു സഹായവും ലഭിക്കില്ലെന്ന് അന്നദ്ദേഹം മനസിലാക്കി !.


 ഇതില്‍ നിന്നെല്ലാം കല്ല്‌ പെന്‍സിലിനു അക്കാലത്തെ വിദ്ധ്യാര്‍ഥി  സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമെന്തെന്നും നായകന് അതിന്‍റെ ആവശ്യകതയും നിങ്ങള്ക്ക് ബോദ്ധ്യപ്പെട്ടു കാണുമല്ലോ  ?

   കേട്ടെഴുത്ത് കഴിഞ്ഞു ;പെന്‍സില്‍ മോഹിപ്പിക്കുന്ന വസ്തുവായി നില്‍ക്കുവാണ്.


                         നജ്മത്തേ എതെവ്ടന്ന പെന്‍സില്‍ കിട്ടിയത് ?

                          വല്യുപ്പ ഗള്‍ഫീന് കൊണ്ടുവന്നതാ ...

                          എനിക്ക് തരുമോ...?

                       അയ്യടാ ..... എന്ത് പകരം തരും ....?


 അവടാണ്  എന്‍റെ പണി പാളുന്നത് .. ഉച്ചക്ക് നായകന്‍ വീട്ടിലോട്ടോടി ആദ്യം വീടിനു ചുറ്റും  തപ്പി. പിന്നെ അകത്തു കയറി തപ്പി. കടത്താവുന്നതൊക്കെ അതിനോടകം കടത്തിയിരുന്നു !  മേശപ്പുറത്തു നോക്കി പിന്നെ മേശയില്‍ കേറി നോക്കി  അവിടൊരു 2 cm നീളമുള്ള താക്കോലും ആന്റി അയച്ചു തന്ന ക്രിസ്മസ് കാര്‍ഡും ........ നായകന്‍ ഇതു രണ്ടുമെടുത്ത് ഓടി .
ആദ്യം കാര്‍ഡു  നീട്ടി അതില്‍ ഉണ്ണി ഈശോയും യൌസേപ്പ്  പിതാവും അമ്മ മേരിയും ..
" ഇതെനിക്ക് വേണ്ട ഇതു നിങ്ങടെ ദൈവത്തിന്റെ പടമാ  ..."
അതവന്‍ പ്രതീക്ഷിച്ചിരുന്നു തട്ടമിട്ടത് മറിയവും കുഞ്ഞ് ഈസ നബിയും വാപ്പ യൂസേഫ്ഫുമാണെന്നു പറയാനുള്ള വിവരം ആ 5 വയസുകാരനൊണ്ടായിരുന്നില്ല .അടുത്തതു താക്കോല്‍ നീട്ടി അതില്‍ നജ്മത് വീണു ...
  സ്വപ്നം കണ്ട പെന്‍സില്‍ കൈയ്യില്‍ വന്നു വൈകുന്നെരമയപ്പോഴേക്കും ആ പെന്‍സിലും പൊട്ടി മൂന്നു കഷണമായി .

                           നായകന്‍റെ വീടിനു മുന്നില്‍ ഒരു പഴയ കുടുസു മുറി ഉണ്ടായിരുന്നു അതില്‍ ധാരാളം പണി സാമഗ്രികള്‍ വച്ചിരുന്നു . അന്ന് രാത്രി അച്ചന്‍ അതിന്‍റെ താക്കോല് തപ്പി വീടാകെ നടന്നു; കിട്ടിയില്ല!. നായകന്‍ മറിഞ്ഞു തിരിഞ്ഞു കിടന്നൊറങ്ങി .പിറ്റേ ദിവസം പൊട്ടിയ പെന്‍സില്‍ പശ വെച്ചു ഒട്ടിച്ചു വെള്ള നൂലിട്ടു കെട്ടി നായകന്‍ നജ്മാത്ത്തിനു നീട്ടി .
 എനിക്ക താക്കോല് തിരിച്ചു വേണം .!

ഞാന്‍ ഇനക്ക്  മുഴുബന്‍ പെന്‍സിലാ തന്നത് ...ഇതു നടക്കില്ല !!!   
 ബാര്‍ട്ടര്‍ സംവിധാനത്തിന് പറ്റിയൊരു തത്തുല്യ മൂല്യ കൈമാറ്റ  വസ്തു  കണ്ടു പിടിക്കുന്നതിനു ഞാന്‍ വീട്ടിലേക്കു ഓടി .വീട്ടില്‍ ചെന്നപ്പോള്‍ തക്കൊലില്ലാത്ത മുറി തുറന്നു കിടക്കുന്നു നായകന്‍ ചുറ്റും നോക്കി...നജ്മാത്തിന്‍റെ കൈയ്യില്‍ നിന്നു പുഷ്പം പോലെ താക്കോല്‍ തിരിച്ചു മേടിക്കാന്‍ പറ്റിയ ഒരു മോഹ വസ്തു നിലത്തു കിടക്കുന്നു ...
ഒരു  തല്ലി പൊട്ടിച്ച താഴ്. ആ  താഴിന്‍റെ താക്കോലാണ് അവളുടെ കയ്യില്‍ ഇരിക്കുന്നത് !!!!!!

No comments:

Post a Comment