Wednesday, September 3, 2014

ഇരുപതാണ്ട് പിന്നോട്ട് -story


     ഇന്നലകളെ  തിരഞ്ഞുള്ള  ഓർമകളുടെ  അറ്റത്ത് സുന്ദരമായ ഒരു ബാല്യമുണ്ടായിരുന്നു!                         


       ഒന്നാം ക്ലാസ്സ്‌ -B ; അവിടെ ബെനറ്റാമ്മ sisterinte ശിക്ഷണത്തില്‍  പത്ത് മുപ്പതു പിള്ളേര്‍ കൊരണ്ടി പലകയുടെ ഉയരമുള്ള ബെഞ്ചില്‍ ഇരിക്കുവാണ്. അക്കൂട്ടത്തില്‍ ഒരു തടിയൻ  ചെറുക്കൻ കേട്ടെഴുത്തിന്‍റെ  വാക്ക് സ്ലേറ്റില്‍ എഴുതി തല ചൊറിഞ്ഞു നിന്നു. 'പുലി ' എന്ന വാക്കില്‍  'ല'- യുടെ വള്ളിക്ക് നീട്ടി  കെട്ടുണ്ടോ എന്നാണ് അവന്‍റെ  സംശയം .

    കേട്ടെഴുത്തില്‍ ഇത്തരം സംശയ ദൂരീകരണത്തിന് എന്ത് ചെയ്യണമെന്നു അവനറിയാം .  'പുലി'ക്കായി അദ്ദേഹം വലത്തോട്ട് തിരിഞ്ഞു പുലികളെ നോക്കി അവന്മാര്‍ ഉത്തരം എഴുതി സ്ലേട്ട് കമഴ്ത്തി വച്ചിരിക്കുവാണ്. കക്ഷി ഇടത്തോട്ടു തിരിഞ്ഞു നോക്കി അവിടെ നജ്മത്ത് ഇരുന്നു എഴുതുവാണ് .നീല തട്ടമിട്ട കൊച്ചു സുന്ദരി  നജ്മത്ത് ;   കപ്പ കൊള്യോളം പോന്ന അവളുടെ ടീ സ്പൂണ്‍ പോലത്തെ കൈയ്യുടെ അറ്റത് ഒരു കല്ല്‌ പെന്‍സില്‍, അതിനൊരു ഹീറോ പെന്നിന്‍റെ വലിപ്പം വരും!.                                       
വശ്യ മനോഹരമായ ഒരു കല്ല്‌ പെന്‍സില്‍ !
                            അക്കാലത്ത് മുഴുനീള കല്ല്‌ പെന്‍സില്‍ അന്തസിന്‍റെയും ആഭിജാത്യത്തിന്‍റെയും പ്രതീകമായിരുന്നു. അതിന്‍ മേല്‍ ഒട്ടിച്ചിരുന്ന ചുവപ്പും നീലയും നിറത്തിലുള്ള വര്‍ണകടലാസ്  മാറ്റത്തെയാണ്  നായകന്‍  'അ' എഴുതി ഒരു ദിവസം ആരംഭിച്ചിരുന്നത്  .ഉച്ചയാകുമ്പോള്‍ ആ പെന്‍സില്‍ മിനിമം  രണ്ടു കഷണമാകും വൈകുന്നേരമാകുമ്പോള്‍ അതിന്‍റെ  പൊടിപോലും കാണില്ല .എല്ലാദിവസവും നായകന്‍ പെന്സിലിനായി കൈ നീട്ടും ചിലപ്പോള്‍ മുഴു പെന്‍സില്‍ ചിലപ്പോള്‍ മുറി പെന്‍സില്‍ അഥവ കണ്ടം പെന്‍സില്‍ അമ്മച്ചി എടുത്തു തരു.

               നല്ല സ്ലേറ്റു പെന്സിലിന്‍റെ സ്റ്റാറ്റസ് അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല , ഒരു മുറി  പെന്‍സില്‍ കൂട്ടുകാരന് കടം കൊടുത്താല്‍ അതിന്റെ നന്ദിയും   സ്നേഹവും ഒരു മണിക്കൂറൊക്കെ നിക്കും. ജനാതിപത്യ അധിഷ്ടിതമായി    ബാര്‍ട്ടര്‍ സംവിധാനം നിലനിന്ന അക്കാലത്തു പ്രധാന വിപണന വിനിമയോപാധി  മുറി പെന്‍സിലായിരുന്നു.മമ്മൂട്ടിക്കയുടെ കുമ്മട്ടിക്കടയുടെ പിന്നാംപുറത്ത് വീണു കിടക്കുന്ന പ്ലാസ്റ്റിക്‌  straw  പെറുക്കിയെടുത്തു പീപ്പിയുണ്ടാക്കി ,അത് ചുവന്ന പൊട്ടിന്‍റെ  കുപ്പിയിലാക്കി കുപ്പിയുടെ നീണ്ട കമ്പുള്ള അടപ്പുകൊണ്ട്, ഓരോ പീപ്പിയും കുത്തിയെടുത്തു, ഹൈജീനിക്കായി, ഒരു മുറി പെന്‍സിലിനു വിറ്റിരുന്ന ശരത്ത് അക്കാലത്തെ വല്യ ധനവാനയിരുന്നു.അവന്‍റെ  ആസ്ഥി അക്കാലത്ത് രണ്ടു ബോക്സ്‌ മുറി പെന്സിലോളം വരുമായിരുന്നു...!!!
   മോഹിപ്പിക്കുന്ന വസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു; റബ്ബര്‍ ബാന്റും  കുപ്പിയടപ്പും കൊണ്ടു നിര്‍മിക്കുന്ന ഒറ്റച്ചക്ര വണ്ടി  ഞങ്ങള്‍   പൊട്ടി പ്പോളിഞ്ഞ സ്കൂള്‍ വരാന്തയിലൂടെ  ഓഫ്‌റോഡിങ്ങിനുപയോഗിച്ചിരുന്നു. പലപ്പോഴും ഇത്തരം വണ്ടികളുടെ റേസിങ്ങുകള്‍ വന്‍ ജനക്കൂട്ടത്തിന്‍റെ  മധ്യേ നടത്തി പോന്നിരുന്നു. അതില്‍ മുന്നിട്ടു നിന്നിരുന്ന  ഊച്ചുവിന്റെ (ഹുസൈന്‍) വണ്ടി ഒരു നോട്ടു ബുക്കിന്റെ നീളം ഒന്നര മിനുട്ടില്‍ പിന്നിടുമായിരുന്നു. ഇതു കൂടാതെ  ചുവന്നു കലങ്ങിയ ചെളി വെള്ളത്തിലൂടെ കുതിക്കുന്ന ഉജാല കുപ്പി ബോട്ട്!! (അക്കാലത്തു ദ്വാരക AUP സ്കൂളില്‍   ആണ്‍  കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്ന  അമ്മമാര്‍ക്ക് പെട്ടെന്ന് കാലിയാകുന്ന ഉജാലകുപ്പിയുടെ കാരണം ചുരുളഴിയാത്ത ഒരു  സമസ്യ ആയിരുന്നു) , എവ്ടെന്നെലും കിട്ടുന്ന റീഫില്ലറിന്‍റെ   നിബ്ബ് കടിച്ചു പൊട്ടിച്ചു ചെളി വെള്ളത്തില്‍ പായുന്ന റോക്കെറ്റ്‌ , തെരുവയുടെ കമ്പ് സില്‍വര്‍ ഓക്കില്‍  അടിച്ചുണ്ടാക്കുന്ന ബ്രെഷ് ,ഓല പമ്പരം ,കടലാസ് പമ്പരം, അങ്ങനെ അങ്ങനെ...

                      അപ്രാപ്യമായ വസ്തുക്കള്‍ക്ക് മൂല്യം കൂടുമല്ലോ?, റേഡിയോവിന്‍റെ ബോര്‍ഡ് തല്ലി  പൊട്ടിച്ചു അതില്‍ LED  ഘടിപ്പിച്ചു ലൈറ്റ് തെളിയിച്ച ഊച്ച്ചുവിന്‍റെ പ്രതാപം ഇന്ന് ബെന്സില്‍ കേറി നടക്കുന്നവനില്ല !.    അന്നാ ഇലക്ട്രോണിക് ലൈറ്റ് system-ത്തിനു ഊച്ചു പറഞ്ഞ മൂല്യം 400 മുറി പെന്സിലാണ് ! അത്  എന്‍റെ ഒരു വര്‍ഷത്തെ  ചാടി പോകുന്ന പെന്സിലുകളുടെ എണ്ണത്തോളം  വരും !!!
അവനെ മോഹിപ്പിക്കാന്‍ നായകനൊരു പദ്ധതി ഇട്ടു. അക്കാലത്ത് എല്ലാരും സ്ലേറ്റു മയിക്കുന്നത് മഷി തണ്ട്, സൂചി തുളയിട്ട ഹോമിയോ കുപ്പി തുടങ്ങിയവയാണ് .5 വയസ്സുകാരന്‍റെ തലയിലെ   ബുദ്ധി!; വീട്ടില്‍ ഒന്നര ലിട്ടെറിന്‍റെ  ഒഴിഞ്ഞ വിസ്കി കുപ്പി ഉണ്ടാരുന്നു. രാവിലെ യൂണിഫോം ഇട്ടു 1.5 liter-ന്‍റെ കുപ്പി പൈപ്പിന്‍റെ  ചോട്ടില്‍ വെച്ചു അവനതില്‍   വെള്ളം നിറക്കുവാണ്....അമ്മ ചോദിച്ചു 

                                                                               ഇതെന്തിനാടാ????!




                                                                                സ്ലേറ്റു മായിക്കാന്‍!!!!!!!!!!!!!!!!!!! 

                  തന്‍റെ ബിസ്സിനെസ്സ് പരമായ ഉയര്‍ച്ചക്ക് വീട്ടില്‍ നിന്നും ഒരു സഹായവും ലഭിക്കില്ലെന്ന് അന്നദ്ദേഹം മനസിലാക്കി !.


 ഇതില്‍ നിന്നെല്ലാം കല്ല്‌ പെന്‍സിലിനു അക്കാലത്തെ വിദ്ധ്യാര്‍ഥി  സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമെന്തെന്നും നായകന് അതിന്‍റെ ആവശ്യകതയും നിങ്ങള്ക്ക് ബോദ്ധ്യപ്പെട്ടു കാണുമല്ലോ  ?

   കേട്ടെഴുത്ത് കഴിഞ്ഞു ;പെന്‍സില്‍ മോഹിപ്പിക്കുന്ന വസ്തുവായി നില്‍ക്കുവാണ്.


                         നജ്മത്തേ എതെവ്ടന്ന പെന്‍സില്‍ കിട്ടിയത് ?

                          വല്യുപ്പ ഗള്‍ഫീന് കൊണ്ടുവന്നതാ ...

                          എനിക്ക് തരുമോ...?

                       അയ്യടാ ..... എന്ത് പകരം തരും ....?


 അവടാണ്  എന്‍റെ പണി പാളുന്നത് .. ഉച്ചക്ക് നായകന്‍ വീട്ടിലോട്ടോടി ആദ്യം വീടിനു ചുറ്റും  തപ്പി. പിന്നെ അകത്തു കയറി തപ്പി. കടത്താവുന്നതൊക്കെ അതിനോടകം കടത്തിയിരുന്നു !  മേശപ്പുറത്തു നോക്കി പിന്നെ മേശയില്‍ കേറി നോക്കി  അവിടൊരു 2 cm നീളമുള്ള താക്കോലും ആന്റി അയച്ചു തന്ന ക്രിസ്മസ് കാര്‍ഡും ........ നായകന്‍ ഇതു രണ്ടുമെടുത്ത് ഓടി .
ആദ്യം കാര്‍ഡു  നീട്ടി അതില്‍ ഉണ്ണി ഈശോയും യൌസേപ്പ്  പിതാവും അമ്മ മേരിയും ..
" ഇതെനിക്ക് വേണ്ട ഇതു നിങ്ങടെ ദൈവത്തിന്റെ പടമാ  ..."
അതവന്‍ പ്രതീക്ഷിച്ചിരുന്നു തട്ടമിട്ടത് മറിയവും കുഞ്ഞ് ഈസ നബിയും വാപ്പ യൂസേഫ്ഫുമാണെന്നു പറയാനുള്ള വിവരം ആ 5 വയസുകാരനൊണ്ടായിരുന്നില്ല .അടുത്തതു താക്കോല്‍ നീട്ടി അതില്‍ നജ്മത് വീണു ...
  സ്വപ്നം കണ്ട പെന്‍സില്‍ കൈയ്യില്‍ വന്നു വൈകുന്നെരമയപ്പോഴേക്കും ആ പെന്‍സിലും പൊട്ടി മൂന്നു കഷണമായി .

                           നായകന്‍റെ വീടിനു മുന്നില്‍ ഒരു പഴയ കുടുസു മുറി ഉണ്ടായിരുന്നു അതില്‍ ധാരാളം പണി സാമഗ്രികള്‍ വച്ചിരുന്നു . അന്ന് രാത്രി അച്ചന്‍ അതിന്‍റെ താക്കോല് തപ്പി വീടാകെ നടന്നു; കിട്ടിയില്ല!. നായകന്‍ മറിഞ്ഞു തിരിഞ്ഞു കിടന്നൊറങ്ങി .പിറ്റേ ദിവസം പൊട്ടിയ പെന്‍സില്‍ പശ വെച്ചു ഒട്ടിച്ചു വെള്ള നൂലിട്ടു കെട്ടി നായകന്‍ നജ്മാത്ത്തിനു നീട്ടി .
 എനിക്ക താക്കോല് തിരിച്ചു വേണം .!

ഞാന്‍ ഇനക്ക്  മുഴുബന്‍ പെന്‍സിലാ തന്നത് ...ഇതു നടക്കില്ല !!!   
 ബാര്‍ട്ടര്‍ സംവിധാനത്തിന് പറ്റിയൊരു തത്തുല്യ മൂല്യ കൈമാറ്റ  വസ്തു  കണ്ടു പിടിക്കുന്നതിനു ഞാന്‍ വീട്ടിലേക്കു ഓടി .വീട്ടില്‍ ചെന്നപ്പോള്‍ തക്കൊലില്ലാത്ത മുറി തുറന്നു കിടക്കുന്നു നായകന്‍ ചുറ്റും നോക്കി...നജ്മാത്തിന്‍റെ കൈയ്യില്‍ നിന്നു പുഷ്പം പോലെ താക്കോല്‍ തിരിച്ചു മേടിക്കാന്‍ പറ്റിയ ഒരു മോഹ വസ്തു നിലത്തു കിടക്കുന്നു ...
ഒരു  തല്ലി പൊട്ടിച്ച താഴ്. ആ  താഴിന്‍റെ താക്കോലാണ് അവളുടെ കയ്യില്‍ ഇരിക്കുന്നത് !!!!!!

Ladakh

                   ഏതാണ്ട് ലാല്‍ ജോസും സംഘവും റഷ്യയില്‍ ചുറ്റി തിരിയുന്ന സമയത്താണ് ഞങ്ങളുടെ യാത്രാപദ്ധതി നടക്കുന്നത്.കൃത്യമായി പറഞ്ഞാല്‍  ലോകസമാധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യാത്ര ചെയ്ത ആ മൂന്നു പേര്‍ സ്വന്തം വണ്ടിക്കുള്ളിലിരുന്നു അടിച്ചു പിരിയുമ്പോള്‍ ഞങ്ങളുടെ വാഹനം നീങ്ങി തുടങ്ങി.                  

                                         ****       

                 കാത്തിരിപ്പാണ് ദല്‍ഹി പാലം വിമാനത്താവളത്തില്‍, ഒരു ബാല്യകാല ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വപ്നദേശമായ ലഡാക്കിലെക്കുള്ള യാത്ര ആരംഭിക്കും.ഒന്നരമണിക്കൂറിനു ശേഷം സഹയാത്രികരും മുഖ്യ സൂത്രധാരികളും ആയ ചെന്നൈയില്‍ നിന്നുള്ള പത്തംഗ സഘം എത്തി ചേര്‍ന്നു. എല്ലാവരും തന്നെ ഒരുമിച്ചു പഠിച്ചവരോ ജോലി ചെയ്യുന്നവരോ ആണ്.കാര്‍ റെന്‍റെല്‍ കമ്പനയിലെ ആളുകള്‍ ഞങ്ങളെ കാത്ത് എയര്‍പോര്‍ട്ടില്‍ വന്നിരുന്നു.അവരുടെ കൂടെ പോയി ചില പേപ്പര്‍ വര്‍ക്കുകള്‍ക്കൊടുവില്‍ വാഹനം കൈമാറി.യാത്രക്കാരില്‍ എട്ടുപേര്‍ മഹീന്ദ്രയില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇക്കാരണത്തല്‍ രാത്രി മഹീന്ദ്രയുടെ ദല്‍ഹി റെസ്റ്റ്  ഹൌസില്‍ താമസം തരപ്പെട്ടു.


     അടുത്ത ദിവസം രാവിലെ ആറു മണിക്ക് തന്നെ എണീറ്റ് യാത്ര തിരിക്കാന്‍ ആര്‍ക്കും മടി ഉണ്ടായിരുന്നില്ല. ആകാംഷയും ആവേശവും ചേര്‍ന്ന്‍ ഉന്മേഷത്തിലയിരുന്നു എല്ലാവരും.ദല്‍ഹി നഗരത്തില്‍ തിരക്കക്കേറുന്നതിനു മുമ്പ്തന്നെ നഗര പ്രദേശങ്ങള്‍ വിട്ട് ഹരിയാനയുടെ സമതലങ്ങളിലൂടെ വാഹനം നീങ്ങി. 600 കി മി അകലെയുള്ള ജമ്മു ആണ് ലക്‌ഷ്യം. ഏതെങ്കിലും കാരണത്താല്‍ അവിടെ എത്തിച്ചേരാന്‍ സാധിക്കാത്ത പക്ഷം പത്താന്കോട്ടില്‍ തങ്ങണം എന്നതാണ് പ്ലാന്‍ B .യാത്ര ഹരിയാന പഞ്ചാബ്‌ അതിര്‍ത്തിയിലുള്ള അമ്പാലയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ശ്രീഗണേഷിന്റെ സുഹൃത്ത് തന്‍റെ അച്ഛനോടൊപ്പം കാത്തുനിന്നിരുന്നു. ഒരാഴ്ചക്കുള്ളില്‍ വിവാഹിതയാകാന്‍ പോകുന്ന ആ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ലസിയും പിന്നി എന്ന മധുര പലഹാരവും വിളമ്പി.രാശി എന്ന ആ പെണ്‍കുട്ടിക്ക് നല്ല രാശിയും നേര്‍ന്നു ഞങ്ങള്‍   പഞ്ചാബിന്റെ സമതലങ്ങളിലൂടെ കുതിച്ചു. 
NH - 1 ലൂടെയാണ് യാത്ര,ഭേതപ്പെട്ട ട്രാഫിക് ഉണ്ട് വഴിയുടെ കാര്യവും ഭേതമെന്നു തന്നെ പറയാം പഞ്ചാബിന്‍റെ കാഴ്ചകളും രുചികളും ആസ്വദിച്ച് വൈകീട്ട് 7.30 യോടെ ഞങ്ങള്‍ ജമ്മുവില്‍ എത്തിച്ചേര്‍ന്നു. കഥ ഇതു വരെ ആവേശകരം സംതൃപ്തം.


           അടുത്ത പാദം ജമ്മു ശ്രീനഗര്‍ ആണ്. വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കശ്മീര്‍ ആസ്വദിച്ചുള്ള യാത്ര. നിലവിലുള്ള വഴിക്ക് സമാന്തരമായി പലയിടത്തും പുതിയ ഹൈവേയുടെ പണി നടക്കുന്നു.നിരവധി ടണലുകളും വയഡക്റ്റുകളുമുള്ള ഈ വഴി പൂര്‍ത്തിയകുന്നതോടു കൂടി കശ്മീരിന്‍റെ ശീതകാല തലസ്ഥാനമായ ജമ്മുവും വേനല്‍ കാല തലസ്ഥാനമായ ശ്രീനഗറും തമ്മില്‍ എളുപ്പത്തില്‍ ബന്ധിക്കപ്പെടും.വഴിയരികില്‍ കാണുന്ന നദികളുടെ പേര് പഴയ സാമൂഹ്യപാഠം വാചകങ്ങള്‍ ഓര്‍മയിലേക്ക് തള്ളി ഇറക്കും. ഇന്ത്യയുടെ നാഡീ വ്യൂഹങ്ങളായ ഈ നദികളിലാണ് പല വന്‍ വൈദ്യുത ജലസേചന പദ്ധതികളും. പത്താന്‍കോട്ട് കഴിയുന്നതോടെ ഭൂപ്രകൃതി മാറി, കൂടാതെ സൈന്യത്തിന്റെ വിന്യാസവും. ശ്രീനഗര്‍ അടുക്കും തോറും തോക്കേന്തിയ സൈനികരെ വഴിയരികില്‍ കാണാം. 

                                       

                   “Kashmir is the crown of India”
വിലപിടിച്ച ഈ കിരീടം കാക്കാന്‍ അത്രയേറെ സൈനീകര്‍ അവിടെ വിന്യസിച്ചിട്ടുണ്ട്.വൈകുന്നേരം ഞങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചേര്‍ന്നു. പ്രതീക്ഷകള്‍ക്ക് വിപരീതമായി ശ്രീനഗറില്‍ നല്ല ചൂടാണ്. കുളിരുള്ള ശ്രീനഗര്‍ പ്രതീക്ഷിച്ച് വന്നവര്‍ വിയര്‍ത്ത് കുളിച്ച് ഹോട്ടല്‍ മുറി തപ്പി നടന്നു. പ്രതീക്ഷയിലെ ശ്രീനഗര്‍ ഒരു ആന ആയിരുന്നു,,, നേരിട്ട് കണ്ടപ്പോള്‍ ആടും!! ഞങ്ങളുടെ അമിത പ്രതീക്ഷ കൊണ്ടായിരിക്കാം ദാല്‍ തടാകവും പ്രതീക്ഷകള്‍ക്ക് കീഴെ ആയിരുന്നു. ഗിരി നിരകളാല്‍ വലയം ചെയ്യപ്പെട്ട സുന്ദരിയായ ദാല്‍ എന്നൊക്കെ വേണേല്‍ ഇവിടെ എഴുതി പിടിപ്പിക്കാം .എന്നാലും ഉള്ളത് പറയാലോ , ഒരു ദാല്‍ തടാകം കാണാന്‍  മാത്രമയി ശ്രീനഗറിലേക്ക് ഇറങ്ങി തിരിച്ചാല്‍ മൂഞ്ചി പോകും.! എന്നിരുന്നാലും വെള്ളത്തിന്റെ നിലവാരം മെച്ചപ്പെട്ടതാണ്. ഒരു ഇരുപതു വര്‍ഷത്തിനു ശേഷമേ അതിനൊരു വേമ്പനാട്ടു കായലിന്റെ ഗതി വരുകയുള്ളു എന്ന് പ്രതീക്ഷിക്കാം.

        രണ്ടാം ദിനം ശ്രീനഗറില്‍ നിന്നും കാര്‍ഗില്‍ .., കുളിരുന്ന കശ്മീര്‍ പ്രതീക്ഷിച്ചു പോയിട്ട് ഉഷ്ണിക്കുന്ന മുറിയില്‍ കിടന്നതിന്‍റെ ഇച്ഛാഭംഗം പലര്‍ക്കുമുണ്ട്.പക്ഷെ പുതിയ ദിനം പുതിയ പ്രതീക്ഷ....യാത്ര തുടരുകയാണ് ....കശ്മീര്‍ താഴ്‌വരയുടെ ഭംഗി ഏറി. ഇടക്കിടെ പതഞ്ഞൊഴുകുന്ന ഹിമാലയന്‍ നദിക്കരകളില്‍ നിര്‍ത്തി കാല്‍ നനച്ചായി യാത്ര....ഇടക്ക് വണ്ടിയിലിരുന്ന ശ്രീ ഗണേശന്‍ വിളിച്ചു പറഞ്ഞു
            

                         “ദേ നോക്ക് മഞ്ഞ് ...”    

        കാത്തിരുന്ന മഞ്ഞ് കണ്ടതിന്‍റെ നിലവിളി ആയിരുന്നു അത്.അകലെ  ഒരു മലമുകളില്‍ മഞ്ഞ് അവിടവിടങ്ങളിലായി കാണാം.ഇനി കണ്ടില്ലെങ്കിലോ എന്ന ശങ്കയില്‍ ഉടന്‍ തന്നെ ആ രംഗം ക്യാമറയില്‍ പകര്‍ത്തിയിട്ടാണ്  യാത്ര തുടരുന്നത്. കാരണം പുറത്ത് അപ്പോഴും മോശമല്ലാത്ത ചൂടാണ്.
പോകുന്ന വഴിയിലാണ് സോനാമാര്‍ഗ് എന്ന വിനോദ സഞ്ചാരകേന്ദ്രം.വാഹനം നിര്‍ത്തിയ പുറകെ ആളുകള്‍ കൂട്ടമായി വന്ന്‍  കുതിരപ്പുറത്ത്‌ കയറാം മഞ്ഞ് മലയില്‍  പോകാം എന്നൊക്കെ പറയുന്നുണ്ട്.ആ സമയത്തും അവിടെ ഏകദേശം 30 ഡിഗ്രി ചൂടുണ്ട്.ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍  കുതിരപ്പുറത്ത് കേറി ഞങ്ങള്‍ മഞ്ഞ് കാണാനായി തിരിച്ചു. പോയി പോയി കുതിരക്കാരന്‍ ഞങ്ങളെ മഞ്ഞിന്നരികില്‍ എത്തിച്ചു,ആ ചൂടില്‍ അവിടെ മഞ്ഞ് പാളികള്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്റെ സ്വദേശമായ വയനാട്ടില്‍ മിനിമം ഒരമ്പതേക്കര്‍ മഞ്ഞെങ്കിലും കാണേണ്ടതായിരുന്നെന്നു തോന്നി.അപ്രതീക്ഷിതം .....ഇത്തരം അപ്രതീക്ഷിതങ്ങളില്‍ ആണല്ലോ യാത്രയുടെ സൌന്ദര്യം. ജീവിതത്തില്‍ ആദ്യമായി മഞ്ഞ് കൈയ്യില്‍ വാരി മഞ്ഞിലേക്ക് മറിഞ്ഞു ചാടി.

                             
                

               കാര്‍ഗില്‍ യുദ്ധ സ്മാരകം ആയിരുന്നു അടുത്ത സ്റ്റോപ്പിംങ്ങ് പോയിന്റ്‌.വളരെ ദൂരത്തു നിന്നു തന്നെ തിളങ്ങി പറക്കുന്ന ദേശീയ പതാക കാണാം.യാത്രക്കിടെ അവിടെ വച്ചാണ് ഞങ്ങള്‍ ഒരു ഇന്ത്യന്‍ സൈനീകനുമായി സംവദിക്കുന്നത്.കാര്‍ഗില്‍ യുദ്ധം നടന്നത് ഞങ്ങളുടെ കണ്മുന്നില്‍ കാണുന്ന മല നിരകളിലാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ അവിശ്വസനീയതയുടെ ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നു പോയി.ടൈഗര്‍ ഹില്ലും ടോലോലിംഗ് പോയന്റും കണ്‍ മുന്നില്‍..! മലനിരകളില്‍ നുഴഞ്ഞു കയറിയ പാക്‌ സൈനീകരെ തുരത്തിയ സംഭവം ദേശ ഭക്തി തുളുമ്പുന്ന അതിശയോക്തി കലരാത്ത വാക്കുകളില്‍ അയാള്‍ വിവരിച്ചപ്പോള്‍ വിവരണാതീതമായ ചില സ്നേഹ വികാരങ്ങളിലായി മനസ്. യുദ്ധത്തില്‍വീര ചരമം പ്രാപിച്ച സൈനീകരുടെ സ്മാരക ഫലകങ്ങള്‍ക്കിടയിലൂടെ നടന്നപ്പോള്‍ താഴ്‌വരയുടെ നിശബ്ധത മാറ്റിയത് ഇടക്കിടെ വീശുന്ന തണുത്ത കാറ്റ് മാത്രമായിരുന്നു. അവിടെ തെളിയുന്ന ചില മലയാളി പേരുകള്‍ കേരളത്തിലെ ഏതോ കുടുംബത്തിന്റെ വേദനയാണെന്ന തിരിച്ചറിവും മനസിന്‌ കനം വെപ്പിച്ചു.             

           തുടര്‍ന്നങ്ങോട്ടുള്ള യാത്രയില്‍ ഇന്ത്യന്‍ സൈന്യത്തോടുള്ള മനോഭാവം പാടെ മാറി മറിഞ്ഞു.ഏതൊരു സന്ദര്‍ഭത്തിലും നിങ്ങളെ ഏതു വിധേനയുംസംരക്ഷിക്കാനും സഹായിക്കുവാനും തയ്യാറുള്ളവര്‍ ആണ് ഇന്ത്യന്‍ സൈനീകര്‍ എന്ന് ഇതു പോലൊരു യാത്രയില്‍ ഉത്തമ ബോധ്യം വരും.പിന്നീടങ്ങോട്ട് സൈന്യത്തില്‍ നിന്നും ലഭിച്ച കരുതലും സഹായങ്ങളും അനവധി ...അവയില്‍ ചിലത് വഴിയെ പറയാം . 

       യാത്ര ദുര്‍ഘടം പിടിച്ച പാതയിലൂടെ നീങ്ങി ..ഇനി അങ്ങോട്ട്‌ പൊടി,ചെളി,കല്ലുകള്‍,വെള്ളകെട്ടുകള്‍,വശങ്ങളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍,അടര്‍ന്നു വീഴുന്ന പാറക്കൂട്ടങ്ങള്‍ ,വീതി കുറഞ്ഞ വഴി,വളരെ ചേര്‍ന്നു കുത്തി ഒഴുകുന്ന സിന്ധു നദി തുടങ്ങി ഈ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നോ ഇവയുടെ കോമ്പിനേഷനുകളോ... ഏതെങ്കില്ലും ഒന്ന് പ്രതീക്ഷിക്കാം. ഇതിനെ കുറിച്ച് ഇതിലധികം വര്‍ണന ഇല്ല . ഈ യാത്രയില്‍ ഈ കാര്യങ്ങള്‍  default mode ല്‍ ഉണ്ടാകും. ഇന്നത്തെ യാത്രയുടെ അവസാനം കാര്‍ഗില്‍ ആണ്.വഴിയില്‍ കാര്‍ഗില്‍ ആര്‍മി cafeteria യുടെ പരസ്യം കണ്ടു. അതേപറ്റി ഒരു ആര്‍മി ക്യാമ്പിനു മുന്നില്‍ നിന്ന ഒരു സൈനീകനോട് തിരക്കി.ഒരു മലയാളി ഹിന്ദി ബോല്‍തുബോളുണ്ടാകുന്ന ശക്തമായ അമ്മ മലയാളത്തിന്റെ സ്വാധീനം കേട്ട ജവാന്‍ മറുപടി മലയാളത്തില്‍ തന്നു!  ഇതു പ്രതീക്ഷിക്കാം കാരണം ഇന്ത്യന്‍ സൈന്യത്തില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നു. എന്നാല്‍ ജോര്‍ജ്ജ് ഈപ്പന്‍ എന്ന ആ കോട്ടയംകാരന്‍ ആ കാര്‍ഗില്‍ ക്യാമ്പിലെ ഏക മലയാളി ആണെന്ന കാര്യം അപ്രതീക്ഷിതം!!! അദ്ദേഹത്തിന്റെ സഹായത്താല്‍ കാര്‍ഗിലില്‍ ഞങ്ങള്‍ക്കൊരു ഹോട്ടല്‍ മുറി എളുപ്പത്തില്‍ ലഭിച്ചു. രാത്രി ഭക്ഷണത്തിനായി ഞങ്ങള്‍ അടുത്തുള്ള restaurant ലേക്ക് നടക്കുമ്പോള്‍ വഴി അരികില്‍ ഒരു വൃദ്ധന്‍ ആട്ടിറച്ചി ചുടുന്നു .നീണ്ട കമ്പിയില്‍ കോര്‍ത്ത ആട്ടിറച്ചി കഷണങ്ങള്‍ കത്തുന്ന കനലില്‍ ചുട്ടെടുക്കുന്നു. ഒരു സെറ്റ് വാങ്ങി രുചിച്ചു നോക്കി.പിന്നീട് അദ്ദേഹത്തിന്റെ പക്കലുള്ള ഇറച്ചി മുഴുവന്‍ തീര്‍ത്തിട്ടേ ഞങ്ങള്‍ അവിടെനിന്നു നീങ്ങിയുള്ളു... കാശ്മീരില്‍ ധാരാളം  ചെമ്മരിയാടുകള്‍ ഉണ്ട്. ഇവയുടെ രോമം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പശ്മീന സില്‍ക്ക്പ്രശസ്തമാണ്എന്തായാലും ഇവിടങ്ങളില്‍ ആട്ടിറച്ചി സുലഭവും വിലക്കുറവുമാണ്. ഇപ്പറഞ്ഞ ചുട്ട ഇറച്ചിയാണെങ്കില്‍ രുചികരവും .

                      




                     അടുത്ത യാത്ര ലെഹ് യിലെക്കാണ്. ഇനി കാണുന്ന പ്രദേശങ്ങള്‍ക്ക് ശൈത്യ മരുഭൂമിയുടെ രൂപം കൈവന്നിരിക്കുന്നു.മരുഭൂമിയെങ്കിലും ഇതുവരെ കാണാത്ത കഴ്ച്ചകള്‍ ആയതിനാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. പാറ നിറഞ്ഞ മലംചെരുവുകള്‍ക്ക് ഓരോരോ നിറങ്ങള്‍ ആണ്. ചിലത് മഞ്ഞ ചിലത് ചുവപ്പ് അങ്ങനങ്ങനെ....ഇടയ്ക്ക് ലഡാക്കിലെ ബാലന്മാര്‍ അപ്പ്രിക്കോട്ട്‌ പഴങ്ങള്‍ വില്‍ക്കാനായി വഴിയില്‍ നിന്നിരുന്നു .അത് വാങ്ങി കഴിച്ച് യാത്ര തുടര്‍ന്നു. വിശപ്പേറിയപ്പോള്‍ വഴിയരികില്‍ കണ്ട ഹോട്ടലില്‍ നിര്‍ത്തി ഭക്ഷണത്തിനായി കയറി. ലഡാക്ക്കാരിയായ ഡോള്‍മ  എന്ന ഹോട്ടല്‍ ഉടമക്ക് ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അതിയായ സന്തോഷം.മുന്‍പ് അവര്‍ പോണ്ടിച്ചേരി വഴി കന്യാകുമാരി വന്നിട്ടുണ്ട്. അന്നവര്‍ക്ക് കേരളത്തില്‍ വരാന്‍ പറ്റാത്തതിന്റെ നഷ്ട്ബോധമുണ്ട്.ഏതോ മാഗസിനില്‍ കണ്ട നക്ഷത്ര ആകൃതിയിലുള്ള തടാകം കേരളത്തിലുണ്ടെന്നും അത് കാണാന്‍ അവര്‍ വീണ്ടും വരുമെന്നും പറഞ്ഞു.പിന്നെ ഈ നക്ഷത്ര ആകൃതിയിലുള്ള തടാകം എവിടെ എന്നായി അടുത്ത ചോദ്യം.അങ്ങനൊരു തടാകത്തെ പറ്റി കേട്ടോ കണ്ടോ അറിവില്ലാത്ത ഞങ്ങള്‍,കേരളത്തില്‍ അങ്ങനൊന്നില്ല എന്ന് പ്രസ്ഥാവിച്ചു.അങ്ങനൊന്ന് കേരളത്തില്‍ ഉണ്ടെന്നുള്ളതില്‍ ഡോള്‍മ ആന്റിക്ക്സംശയമൊന്നുമില്ല! ഒരു തുണ്ട് കടലാസ്സില്‍ നക്ഷത്രം വരച്ചു കട്ടി ഇതാണ് അകൃതിയെന്നും പറഞ്ഞു ഡോള്‍മ ആന്റി കുട്കുടാ ചിരിച്ചു .ആ കടലാസിന്റെ അരികില്‍ ഫോണ്‍ നമ്പര്‍ കുറിച്ച് കൊടുത്തിട്ട് എന്തേലും വിവരം കിട്ടിയാല്‍ അറിയിക്കാമെന്ന് പറഞ്ഞു ഞങ്ങള്‍ ശാപ്പാടടിച്ചു .അത്രയും ഹൃദ്യമായി സംസാരിച്ച ഡോള്‍മ  ആന്റിക്കു വേണ്ടി ഒരു നക്ഷത്ര തടാകത്തിന്റെ വിവരങ്ങള്‍ തിരക്കുന്നതില്‍ തെറ്റില്ല, നിങ്ങള്‍ക്കറിയാമെങ്കില്‍ അറിയിക്കുക ഡോള്‍മ ആന്റി വിളിക്കും !!!    




         ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ ലഡാക്കിലെ പ്രധാന നഗരമാണ് ലേ .ഇവിടെ ഒരു ലക്ഷത്തിലേറെ ജനവസമുണ്ട്.

“നഗരങ്ങളില്‍ ഞങ്ങള്‍ രാപാര്‍ക്കും ,പകല്‍ നേരങ്ങളില്‍ പ്രാന്തപ്രദേശങ്ങളില്‍ ചുറ്റി അടിക്കും”  

ഇതായിരുന്നു ഞങ്ങളുടെ ശൈലി. ലേ നഗരം കാണാന്‍ സമയം ഇല്ലായിരുന്നു ..നടക്കാന്‍ ത്രാണിയും ഇല്ലായിരുന്നു . സമുദ്ര നിരപ്പില്‍ നിന്നും 3500  മീറ്റര്‍ ഉയരത്തിലെ നേര്‍ത്ത വായുവില്‍ oxygen കുറവാണ് അതിന്‍റെ ചെറിയ ക്ഷീണം ഉണ്ട് കൂടാതെ ചിലര്‍ക്ക് altitude sickness ന്‍റെ ചില ബുദ്ധിമുട്ടുകളും .യാത്രയില്‍ acclimatization (കാലാവസ്ഥയുമായി പൊരുത്തപ്പെടല്‍)  ഉള്ള   സാവകാശം പ്ലാനിലില്ല. അടുത്തുള്ള ശാന്തി സ്തൂപം സന്ദര്‍ശിച്ച് ഞങ്ങള്‍ ഹോട്ടലില്‍ പുതുപ്പിനുള്ളിലേക്ക് ചുരുണ്ടു. കാരണം അടുത്ത ദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സഞ്ചാര യോഗ്യമായ വഴിയിലൂടെയാണ് യാത്ര.



\

                                കര്‍ദുഗ് ലാ 18830  അടി ഉയരത്തില്‍ ഒരു യാത്ര... ചുരം കയറി മുകളിലെത്തി. ഏറ്റവും ഉയരമുള്ള ചുരം ഇതാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഉണ്ട് എന്തായാലും ഇപ്പറഞ്ഞ ചുരം ഞങ്ങളുടെ വാഹനം കീഴടക്കി.കറുത്ത പുക തുപ്പി ക്ഷയം പിടിപെട്ട പോലെ ചുരം കയറിയ  വാഹനത്തെയും oxygen  ദൌര്‍ലഭ്യം തളര്‍ത്തിയിരിക്കുന്നു. കര്‍ദുഗ് ലായില്‍ ഒരു സൈനീക പോസ്റ്റ്‌ ഉണ്ട് അവിടത്തുകാരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടത്തിലെ രണ്ടു മലയാളികളെ പരിചയപെട്ടു. അവര്‍ കൊല്ലം,ചേര്‍ത്തല സ്വദേശികളാണ്. അങ്ങനോരിടത്ത് മലയാളികളെ കണ്ടപ്പോള്‍ ഇരുകൂട്ടര്‍ക്കും സന്തോഷം.അവര്‍ താമസിക്കുന്ന മുറി സന്ദര്‍ശിച്ചു. അവരുടെ ഒപ്പമിരുന്ന്‍ ചായ നുകര്‍ന്നു. ഓണം പ്രമാണിച്ച് കൈയ്യില്‍ കരുതിയ ഒരു പായ്ക്ക് കായ്‌ ഉപ്പേരി നല്‍കി അവിടെ നിന്നും യാത്രയായി .



       Numbra vally  യിലേക്കാണ് യാത്ര. Double humped camel (Bactrian camel) ന്‍റെ പുറത്തു കയറി sand dunes  ചുറ്റി അടിക്കുക എന്നതാണ് ഇവിടുത്തെ മുഖ്യ ഇനം.രാത്രി കാലങ്ങളില്‍ ക്യാമ്പ് ഫയറും മറ്റ് പാരമ്പര്യ കലകളും അരങ്ങേറാറുണ്ട്.ഇവിടെ വെച്ച് ഞങ്ങള്‍ കോട്ടയത്ത് നിന്നുള്ള ഒരു മലയാളി യാത്ര സംഘത്തെ കണ്ടു.യാത്രക്കിടെ കണ്ട ഏക മലയാളി സംഘവും ഇവരായിരുന്നു. എല്ലാവരും ഒട്ടകപുറത്തു കേറി മണല്‍ കൂനകളില്‍ സവാരിക്കായി ഒരുങ്ങി.ഒരു വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനു ശേഷം കിലോമീറ്റര്‍കള്‍ താണ്ടി വീണ്ടും മണല്‍ പരപ്പിലെക്ക് ഒരു യാത്ര എനിക്കശേഷം താത്പര്യമില്ലായിരുന്നു. സുഹൃത്ത് നൃപനും ഒന്നിച്ചു ഞങ്ങള്‍ നുംബ്രായിലെ ഗ്രാമങ്ങളിലേക്ക് പോയി.ഗോതമ്പും ബാര്‍ലിയും ആപ്പ്രികോട്ടുകളും വിളഞ്ഞ വയലിന്റെ കരകളിലൂടെ ഞങ്ങള്‍ നടന്നു .തണുത്ത ഹിമാലയന്‍ അരുവികളില്‍ മുഖം നനക്കുമ്പോള്‍ തദ്ദേശ വാസികളായ കുട്ടികള്‍ ഓടി വന്നു ഹായ് പറഞ്ഞു.എന്നിട്ടവര്‍ ടോഫിയും ചോക്ലേറ്റും ചോദിച്ചു  എല്ലാവരും സഹൃദയരും ശാന്തശീലരും ആണ്. വണ്ടിയുടെ ചാവിയും ക്യാമറയും അല്ലാതെ ഞങ്ങളുടെ കൈയ്യില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. കുട്ടികളെ നിരാശരാക്കി മടങ്ങേണ്ടി വന്നു ഞങ്ങള്‍ക്ക്.

                 


         അപ്പിള്‍ മരങ്ങള്‍ക്ക് നടുവിലുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു ഞങ്ങളുടെ താമസം. നുംബ്രയിലെയും പ്ന്ഗോങ്ങോസോയിലെയും താമസം മനോഹരമയിരുന്നെങ്കിലും, പറഞ്ഞുവല്ലോ രാത്രി തങ്ങുക എന്നതിനപ്പുറം ചിലവഴിക്കാനുള്ള സമയം ഞങളുടെ പ്ലാനില്‍ ഇല്ലായിരുന്നു. കൂടാതെ ഇടക്ക് വെച്ച് എടുത്ത ഒരു തെറ്റായ തീരുമാനത്തിന് ഞങ്ങള്‍ വലിയ വില കൊടുക്കേണ്ടി വന്നു .സംഗതി ഇതാണ് ലഡാക്കില്‍ നിന്നും ഡീസല്‍ വാങ്ങി കരുതാം എന്ന തീരുമാനം വേണ്ടെന്നു വെച്ചു .നുംബ്രയില്‍ നിന്നും ഡീസല്‍ ലഭിക്കുമെന്നു ചില ഡ്രൈവര്‍മാരുടെ ഉറപ്പിലാണ് അങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.
      നുംബ്രയില്‍ ചെന്ന് പമ്പ്‌ അന്വഷിച്ച് കണ്ടു പിടിച്ചു ഞങ്ങള്‍ കണ്ട പമ്പ്‌  യുദ്ധം കഴിഞ്ഞു ഉപേക്ഷിച്ചിട്ട് പോയ ഒരിടം പോലെ ,.... അടുത്തെങ്ങും മനുഷ്യവാസമില്ല .പമ്പിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തിരിക്കുന്നു.


            നുംബ്രയില്‍ നിന്നും പന്ഗോങ്ങ്സോ എന്ന പദ്ധതി ഉപേക്ഷിച്ച് ഞങ്ങള്‍ അതിരാവിലെ ലെയിലേക്ക് തിരിച്ചു.അവിടെ നിന്നും 
ഡീസല്‍ നിറച്ച് പന്ഗോങ്ങ്സോ തടാകം കാണാനായി യാത്ര തുടങ്ങി .ലോകത്തുള്ള കൊള്ളാവുന്നതെല്ലാം  തങ്ങളുടെതാണെന്ന് അവകാശപ്പെടുന്ന ചൈന ഈ ലവണ ജല തടാകവും തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നുണ്ട് .ഞങ്ങള്‍ അവിടെത്തുന്നതിനു ഒരാഴ്ച്ച മുന്‍പ് ചൈന പട്ടാളം ഈ തടാകത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ മണ്ണില്‍ കസര്‍ത്ത് കാട്ടി പോയതെ ഉള്ളൂ.,,








       വാക്കുകള്‍ ഇല്ല അസ്തമന സൂര്യന്‍റെ വെയിലേറ്റ് വെട്ടി തിളങ്ങിയ തടാകത്തിന്റെ ഭംഗിയെ പറ്റി വിവരിക്കാന്‍.എങ്ങോട്ട് തിരിഞ്ഞാലും പ്രകൃതി,വശ്യ മനോഹരമായ വര്‍ണ ഭേദങ്ങളില്‍. തടാകക്കരയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിനരികെ ഒരു ഫ്രഞ്ച് വിനോദസംഘം ഇരുന്നു മനോഹരമായി പാടുന്നുണ്ടായിരുന്നു. ഗിറ്റാറും ഓടക്കുഴലും അകമ്പടി വായിച്ച അവരുടെ കൂടെയുള്ള പാട്ടുകാരിയുടെ മനോഹര ശബ്ദവും സംഗീതവും ...എല്ലാത്തിനെയും വെല്ലുന്ന പശ്ചാത്തലത്തിലെ പന്ഗോങ്ങ്സോ തടാകവും.. ഉപകരണങ്ങള്‍ക്കൊന്നും പകര്‍ത്താനാവില്ല ആ നിമിഷങ്ങള്‍. മാസ്മരികമായ പ്രകമ്പനങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു ആ അന്തരീക്ഷത്തില്‍ ഒരു മറക്കാനാവാത്ത സൂര്യാസ്തമയം കണ്ടു.  

               അടുത്ത ദിവസം ലേ മണലി വഴിയിലെ ഇടത്താവളത്തില്‍ എത്തിച്ചേരണം.. 400 km താണ്ടണം.ഞങ്ങള്‍ യാത്ര തുടങ്ങി .കരു എത്തിയപ്പോഴാണ് കണ്ടത് വണ്ടിയുടെ ടയര്‍ പഞ്ചര്‍ ആണ്.റ്റൂബ്ലെസ്സ് ടയര്‍ കണ്ടു പിടിച്ചവന് സ്തുതി! ആ ടയര്‍ വഴിയിലെവിടെയോ വച്ച് പഞ്ചര്‍ ആയതാണ് 150 km എങ്കിലും  അത് ഞങ്ങളെ വഹിച്ചു നീങ്ങിക്കാണണം...ആറെണ്ണങ്ങളുടെ ഭാരവും കൂര്‍ത്ത കല്ലുകളും കൊണ്ട് ആറിടത്ത് പഞ്ചറായ   ആ ടയറില്‍ പഞ്ചര്‍ പ്ലെഗ് കുത്തികയറ്റി ടയര്‍ കടയിലെ വൃദ്ധന്‍ കാശു മേടിക്കുമ്പോള്‍ മഹീന്ദ്രയ്യുടെ വാഹനങ്ങളുടെ Validator അയ സൈമണ്‍ മഞ്ഞൂരാന്‍ ടയറിനരികെ ചെവി വട്ടം പിടിച്ചിട്ടു പറഞ്ഞു.

       “ഭയ്യാ.. ഇതിലൂടെ കാറ്റ് പോകുന്നുണ്ട് !!”

      ഇല്ലെന്നും ഇപ്പോളുള്ള ലീക്ക് വാഹനം ഓടുമ്പോള്‍ അടയുമെന്നും അയാള്‍ ആണയിട്ടു.പ്രായത്തിന്‍റെ പ്രവര്‍ത്തി പരിചയം മാനിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.അത് രണ്ടു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പഞ്ചര്‍ കടയില്‍ അവസാനിച്ചു.അവിടെ വച്ചാണ് ഞങ്ങള്‍ അറിയുന്നത് പുതിയതെന്നു തോന്നിക്കുന്ന ആ ടയറില്‍ ഓട്ട അടക്കാത്ത ഭാഗങ്ങളില്ല. ഓട്ട അടച്ച ഭാഗങ്ങള്‍ നീക്കിയാല്‍ ആ ടയര്‍ ചരല്‍ അരിക്കാനുള്ള അരിപ്പയായി ഉപയോഗിക്കാം! അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാല്‍ യാത്ര വൈകുകയാണ്. സമയം 3 pm  ഇനി 200 km താണ്ടണം, സ്റ്റെപ്പിനി ടയര്‍ ശരിപ്പെടുത്തി യാത്ര തുടര്‍ന്നു.ആ ദിനം യാത്ര മുഴുമിപ്പിക്കാനായില്ല ..സര്ച്ചുവിന് 50 km അകലെ വിസ്കിപാ എന്ന് പറയപ്പെടുന്ന താഴവരയില്‍ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു.കൊടുംതണുപ്പാണ്,  ഇവിടങ്ങളില്‍ താത്കാലികമായി കെട്ടിപൊക്കിയ ടെന്റുകളിലാണ്‌ താമസം.200 രൂപ ആണ് ഒരാള്‍ക്കുള്ള ചാര്‍ജ്. ചൂടുള്ള നൂഡില്‍സും ചപ്പാത്തിയും കഴിച്ച് ടെന്റുകളില്‍ കയറി.നാല് അടുക്കുള്ള പുതപ്പ്  ലേ നിവാസികളായ നടത്തിപ്പുകാര്‍ തന്നെ വന്നു പുതപ്പിച്ചു.പിറ്റേ ദിവസം ഉറക്കം എണീറ്റ നൃപന്‍ തന്റെ കഴുത്തില്‍ ചുറ്റി ചെവിയില്‍ തൂങ്ങി കിടന്ന കറുത്ത രണ്ട് ചാണ്‍ നീളമുള്ള മുടി വലിച്ചെടുത്തിട്ട് പറഞ്ഞു


“എല്ലാവരും തുണി ഒക്കെ കുടഞ്ഞു ബാഗില്‍ വെച്ചാല്‍ മതി അല്ലേല്‍ പിന്നീട് പല ചോദ്യങ്ങളും വരും !!”

     പറഞ്ഞു വന്നത് ഇതാണ് അലക്കി ഉണക്കി വിരിച്ച ബെഡ്ഷീറ്റിന്റെ ആര്‍ഭാടമോ വെട്ടിത്തിളങ്ങുന്ന ശൌച്യാലായത്തിന്റെ വൃത്തിയോ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട.തണുത്ത് വിറങ്ങലിച്ച ഹിമാലയന്‍ സസ്യ ലതാതികള്‍ക്ക് ചൂടുള്ള ജൈവ വളവും നിക്ഷേപിച്ച് പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു യാത്ര.. അതിനുള്ള അവസരമാണ് ഇവിടം നിങ്ങള്ക്ക് തരുന്നത്. 

           അടുത്ത ദിവസം മണാലിയിലെക്കുള്ള യാത്ര റോത്താങ്ങ് പാസ്‌ കടന്നു വൈകുന്നേരത്തോടെ ലക്‌ഷ്യം കണ്ടു .എട്ടാം ദിനം അതായത് യാത്രയുടെ അവസാന ദിവസത്തെ യാത്രയാണ്‌ ക്രിട്ടിക്കല്‍ എന്ന് പറയാവുന്നത്. മണാലിയില്‍ നിന്നും ദല്‍ഹിയിലെക്കുള്ള 539 km യാത്ര. രാത്രി 8.30  നു ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന ഫ്ലൈറ്റിനായി ഈ ദൂരം താണ്ടാന്‍ സാധിക്കും എന്ന വിശ്വാസത്തിനു പിന്നില്‍, ഈ ദൂരം 9 മണിക്കൂറില്‍ താണ്ടി എന്ന ഒരു വിരുതന്‍റെ Travelogue  വായിച്ചതാണ്.ആ പ്രതീക്ഷയില്‍ പുലര്‍ച്ച ആരംഭിച്ചതാണ് യാത്ര. പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു  വളഞ്ഞു പുളഞ്ഞ  മണാലി ചണ്ടീഗഡ് പാത .. പോരാത്തതിന് ചരക്ക് ലോറികളുടെ നീണ്ട നിരയും. ഉച്ചഭക്ഷണം ബിസ്കറ്റില്‍ ഒതുക്കി വൈകുന്നേരം 6  ഓടെ വാഹനം ഞങ്ങളുടെ കാര്‍ റെന്റല്‍ കമ്പനിയില്‍ എല്പ്പിച്ചുവെങ്കിലും ഇനി വരുന്ന യാത്രകളില്‍ travelogue കളെ എത്രകണ്ട് ആശ്രയിക്കണമെന്ന ചോദ്യത്തിലാണ്‌ ചിന്തകള്‍ അവസാനിച്ചത്.

     ഡ്രൈവിംഗ്
കേരളത്തിനെ അപേക്ഷിച്ച് പൊതുവേ മാന്യമെന്നു പറയാവുന്ന ഡ്രൈവിംഗ് ശൈലി ആണ് യാത്രയില്‍ കണ്ടത്.മാന്യമായ ഡ്രൈവിംഗ് തുടരുന്നെങ്കില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ല.

     വാഹനം

     രണ്ട് Tayota Innova കളില്‍ ആയിരുന്നു യാത്ര.3400 km യാത്രക്കൊടുവില്‍ ഒരു പോറല്‍ പോലുംഇല്ലാതെ വാഹനം തിരിച്ചെത്തിയതിനു Thank god എന്നതിനപ്പുറം ഒന്നും പറയാന്‍ ഇല്ല. വാഹനം എല്ലാവരും സമ്മതിക്കുന്നത് പോലെ reliable &comfortable എതിരഭിപ്രായങ്ങള്‍ ഒന്നും ഇല്ല.ഘാട്ട് റോഡിലുള്ള അപ്രതീക്ഷിതങ്ങളായ കുഴികളില്‍ അടി തട്ടിയിട്ടുണ്ട് പലവട്ടം അതുകൊണ്ടാവണം തിരികെ വരുമ്പോള്‍ ഇടത്തോട്ടുള്ള എല്ലാ വളവുകളും വണ്ടി സ്വയം തിരിയുമായിരുന്നു!!!

     അവിചാരിതം
        യാത്രക്കിടെ ലേ മണാലി വഴിയില്‍ ഒരു വണ്ടി പൂഴി മണ്ണില്‍ പൂണ്ടു പോയി. പന്ത്രണ്ടു പേര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും അവിടന്ന് കരകയറാന്‍ ഒത്തില്ല.ഒടുക്കം ഇന്ത്യന്‍ ആര്‍മി വന്നു അവരുടെ കരുത്തന്‍ ഫോര്‍ വീല്‍ ഡ്രൈവ് ട്രാക്കില്‍ വടം കൊണ്ട് കെട്ടി വലിച്ച് കര കയറ്റി തന്നു. പരിഭ്രാന്തി പര്‍ത്തിയ ആ 1.30 മണിക്കൂര്‍ ആണ് യാത്രയിലെ ഏറ്റവും ത്രില്ലിംഗായ അനുഭവം.ഇന്ത്യന്‍ ആര്‍മി ആരാണെന്നു അറിയാന്‍ ഒരു കശ്മീര്‍ യാത്ര കൂടിയേ തീരു. യാത്രക്കൊടുവില്‍ ആരും നിസംശയം പറയും
                                                      THEY ARE THE REAL HEROS …