Friday, May 29, 2015

            


മഴ അതിന്‍റെ എല്ലാ വിശ്വരൂപങ്ങളും എടുത്തു പെയ്യുകയാണ് . നിമിഷങ്ങള്‍ കൊണ്ട് ഉപ്പൂറ്റി മൂടെ വെള്ളം വഴിയിലൂടെ ഒഴുകി. ഈ നഗരത്തിലാരും മഴയെ പേടിച്ചു കുട എടുക്കാറില്ല ,മഴ അവരെ പേടിച്ചു പെയ്യാതിരിക്കാറുമില്ല. ഒന്നുകില്‍ ജനം മഴ മാറുവോളം കാത്തു നില്‍ക്കും അല്ലങ്കില്‍ മഴ നനഞ്ഞു നടക്കും. ഇപ്പോള്‍ കട വരാന്തയിൽ നൂറു കണക്കിനു ആളുകള്‍ തിങ്ങി നിൽക്കുന്നു .
ഏതോ ഒരു കട വരാന്തയില്‍ അവൾ അവന്‍റെ കൈവിരൽ കോര്‍ത്തുപിടിച്ചു.  പതിനാറു വയസു പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ ആ ഇടുങ്ങിയ റോഡില്‍ തന്‍റെ  SUV യില്‍ ഒരു ഫൌണ്ടൻ തീർത്തു.വെള്ളം തെറിപ്പിച്ചു പായുന്ന വാഹനങ്ങള്‍ അയാളുടെ എക്കാലത്തെയും പ്രിയപ്പെട്ട കാഴ്ചകളിൽഒന്നായിരുന്നു .
"നിന്‍റെ  പ്രിയപ്പെട്ട കാഴ്ച" അവള്‍ മന്ത്രിച്ചു.

ഏറ്റവും ഉയരത്തിൽ തെറിച്ച   മഴത്തുള്ളിയിലേക്ക് അയാൾ  കണ്ണുകൾ പായിച്ചു. ഏകദേശം അതേഉയരത്തില്‍  കൃഷ്ണമണിയുടെ ദിശ ഒന്ന് മാറ്റിയപ്പോള്‍ എതിർ  വശത്തെ കടത്തിണ്ണ മുന്നില്‍ കണ്ടു.അവിടെ നിലത്തിരുന്ന പടുവൃദ്ധ കൈയ്യിലെ റൊട്ടി കഷണം കാണിച്ച് അടുത്തുള്ള പട്ടിയെ വിളിക്കുന്നു. പതുക്കെ വാലാട്ടി നിൽക്കുന്ന പട്ടിയോട്‌ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു അവരെന്തൊക്കെയൊപറയുന്നുമുണ്ട് .ആ കാഴ്ച  കുറച്ചു നേരം നോക്കി നിന്ന അവൾ പറഞ്ഞു,
"That is the quest for love....അവര്‍ നമ്മളെയോ അടുത്ത് നിൽക്കുന്ന ആരെയുമോ  വിളിക്കാന്‍ പോണില്ല , അതിന്‍റെ  കയ്പ്പ് അവര്‍ അറിഞ്ഞിരിക്കണം .."
അവളങ്ങനെ ആയിരുന്നു ...അനേകം കഥകള്‍ പറയും  അതിൽ ഒരല്പം കാര്യവും  കുറേ  തത്വങ്ങളും . ഇവയിൽ എന്തിലൂ ടെയോ  ആയിരുന്നു അവള്‍ അവന്റെ ഹൃദയത്തില്‍ ഇടം നേടിയതു .
“നിന്‍റെ പ്പൻ സോക്രട്ടീസോ അതോ  അശോകനോ ??  ജീവിത കാലം മുഴുവനും നിന്റെ ഈ  ഫിലോസഫി കേള്‍ക്കണല്ലോ ഭഗവാനെ...വന്നേ ..മഴയെങ്കില്‍ മഴ വെറുതെ നിന്നിട്ടു കാര്യമില്ല , 5മിനിട്ടു കൊണ്ട് നിന്നെ വീടെത്തിക്കാം .."
അവള്‍  :  " നിന്നെ... നീ എനിക്കൊന്നും വാങ്ങി തരണില്ലേ ?"
അവന്‍ : " ആട്ടെ അതേലും  നടക്കട്ടെ .. നടക്കു എങ്ങോട്ടാന്നു വച്ചാല്‍ .."

കാപ്പി കളര്‍ നിറത്തിലുള കോട്ടൻ നൈറ്റിയുടെ പൈസ കൊടുത്ത് അവൻ ചോദിച്ചു .
ഈ പേട്ടു  നൈറ്റിയാണോ  നീ എന്നെ കൊണ്ടു മേടിപ്പിക്കുന്നത് ?"
"ഉം .. എന്താ അതിനിപ്പം?"
"എടീ , ഇതു നീ നിന്‍റെ  കെട്ട്യോനെ കൊണ്ട് മേടിപ്പിക്കണ്ടതാ.. ഞാനിപ്പോ അങ്ങനാ  ?"
"ലൌവ്വര്‍ നൈറ്റി  മേടിച്ചിട്ട് വെള്ളത്തിന്‌ തീ പിടിക്കുമെങ്കി പിടിക്കട്ടെ.... മോൻ  വണ്ടി എടുക്ക് .."
അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത നേരം അവള്‍ റോഡു കുറുകെ കടന്നു . ഒരു പൊതി ആ വൃദ്ധക്ക്‌ എറിഞ്ഞു കൊടുത്തിട്ടു ഓടി വന്നു ബൈക്കില്‍ കേറി
ഒന്നും  സംഭവിച്ചിട്ടില്ല വേഗം വണ്ടി വിട് .."

                                                     ********** ********* ********
ബാഗെടുത്തു  അവളുടെ കാബിനിലെ ടേബിളില്‍  വച്ചു അയാള്‍ പറഞ്ഞു
" ഇപ്പോഴത്തെ വീട് മാറണം   വെള്ളത്തിന്റെ പ്രോബ്ലം ഒരു രക്ഷയുമില്ലഇന്ന് കുളിക്കുന്നതിന്‍റെ  ഇടയില്‍ വെള്ളം നിന്നു "
“സോപ്പ് പത തുടച്ചെടുത്തു വന്നതായിരിക്കും അല്ലെ..?"
അത് കേള്‍ക്കാത്ത ഭാവത്തിൽ അയാൾ  തുടര്‍ന്നു
"ജാജിയെ പറഞ്ഞേല്‍പ്പിച്ചു ഒരു വീട് തപ്പാന്‍"
"വീട് ഉദിത് നഗറില്‍ നോക്ക് ..അതാകുമ്പോൾ നമുക്ക് ഒരുമിച്ചു പോരാല്ലോ ..."
അയാള്‍ : "ചായ നിന്‍റെയാണോ?"
"ഇവടെ വേറാരാ ഉള്ളത്  ഇയാള്‍  വരുമെന്നു ഒരു വെളിപാട് .. Have it .."
"രാവിലെ എന്താ കഴിച്ചേ ..?"
"ഒന്നും കഴിച്ചില്ല.."
"ഞാന്‍ വച്ചു വിളമ്പി തരാം എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ..? ഈ കാത്തിരുപ്പ് മഹാ ബോറാണ്"
"എടീ...നിന്നെ ഞാന്‍ കെട്ടി കൊണ്ട് പോകുന്നത് ഉന്നത കുല പൊങ്ങച്ചത്തിന്‍റെ നടുവിലേക്കാണ് അതിനിടയിലെ കസര്‍ത്തിനായി നിനക്ക് രണ്ടായിരം രൂപയുടെ ചുരിദാര്‍ ആറായിരം വില വരുന്ന സാരിയും അതിനനുസരിച്ച ചാന്ദ് പൊട്ട് കണ്മഷി ഒക്കെ വേണ്ടി വരും .. അതെല്ലാമൊക്കുന്ന ഒരു സമയത്ത് നിന്നെ കെട്ടാം..."
"ഇതൊന്നും ഞാന്‍ ആവശ്യപെട്ടിട്ടില്ലല്ലോ..?"
"മധുര സ്വപ്‌നങ്ങൾ സ്വാതിക പ്രണയം മറ്റു ലോകൈക വസ്തുക്കളോടുള്ള വിരക്തി ഇതൊക്കെകെട്ടുന്നതിനു മുന്നാണ് ..ശേഷം യാഥാര്‍ത്ഥ്യങ്ങളും ...”
“ഓ .. കെട്ടി നല്ല പരിചയം ഉള്ള പോലെ ...”
ചായ കുടിച്ചു എണീറ്റ്‌  അയാള്‍ തുടര്‍ന്നു .
ഇന്ന് രാവിലെ നീ നൈറ്റി  എറിഞ്ഞു കൊടുത്ത തള്ള എന്നെ ബേട്ടാന്നു വിളിച്ചു പുറകെ വന്നു ..ഇനി  സാരി മേടിച്ചു തരാന്‍ പറയുവോ എന്നോര്‍ത്തു ഞാന്‍ കടന്നു കളഞ്ഞു
മുഖത്തൊരു ചെറു ചിരി വരുത്തി അവള്‍ കുറച്ചുനേരം മിണ്ടാതെ ഇരുന്നു എന്നിട്ട് പറഞ്ഞു തുടങ്ങി ..
"Being unwanted , unloved , uncared  for,forgotten by everybody .. 
thats  the much greater hunger or much  greater poverty than the person who has nothing to eat.... "
ഞാന്‍   പറഞ്ഞതല്ല..  മദര്‍  തെരേസ പറഞ്ഞതാണ്‌ .
"ഓ ശരി ഞാന്‍ പോണു " അയാള്‍ നടന്നു നീങ്ങി ..
നിന്നേ ..എനിക്കീ ഇന്‍വോയ്സ്  ഒന്ന് ക്ലിയര്‍ ചെയ്യാണാരുന്നു ..."
"നോക്കാം ...ഉച്ചക്ക് ലാപ്പെടുത്തു കാന്റീനില്‍ വാ.. "

                                                           ******* ********* ********
   നഗരത്തിലെ ഏറ്റവും മികച്ച ആശുപത്രിയുടെ ICU വിനു മുന്നിൽ എന്നത്തെയും പോലെ ആളുകൾ കൂടി നില്‍ക്കുന്നു.ശബ്ദം താഴ്ത്തിയ മുറുമുറുപ്പുകള്‍ക്കിടയിലൂടെ ഒരു യുവാവ്‌ ICU വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. കടുപ്പമേറിയ മരുന്നിന്റെ ഒപ്പം AC യുടെ വരണ്ട തണുത്ത കാറ്റ് അവിടം ആരോചകമാക്കി..പാതി ചരിഞ്ഞ കട്ടിലിനു   അരികില്‍ തണുത്തു മരവിച്ചു രക്തമയമില്ലാത്ത വിരലുകളിലെ  സുന്ദരമായ നഖങ്ങള്‍  നോക്കി അയാള്‍ അരികിൽ ഇരുന്നു .
നീ  ആരാ എന്നിപ്പോ എല്ലാരോടും പറയണ്ട ബുദ്ധിമുട്ടിലാണ്  അച്ഛനും അമ്മയും .. അല്ലെ  അമ്മേ?"
മകളുടെ ചോദ്യത്തിനു ചെറു ചിരി ഉത്തരം നല്‍കി അമ്മ  ആപ്പിള്‍ മുറിച്ചു മകള്‍ക്ക് നേരെ നീട്ടി .
"ഇന്നലെ നിന്‍റെ  ചെറിയച്ചന്‍ എന്നോട് ചോദിച്ചു വീട്ടിൽ പോകാരുന്നില്ലേ എന്ന് .... നിന്നേം കൊണ്ടേ പോകുന്നുള്ളൂ എന്ന് ഞാന്‍ പറഞ്ഞു " ചെറിയോരിടവേളക്ക് ശേഷം അയാള്‍ തുടര്‍ന്നു  "അച്ഛനും അമ്മയും നാളെ  വരുന്നുണ്ട് നിന്നെ കാണാന്‍ നമ്മടെ പ്ലാനിങ്ങില്‍  ചെറിയ മാറ്റം വരുത്താന്‍ പോണു..ഇവിടുന്നിറങ്ങിയാല്‍ ഉടനെ നിന്നെ ഞാൻ കെട്ടാൻ  പോകുവാണ്.."
ഇനിയും എന്തിനാണ് നീ എനിക്ക് പ്രതീക്ഷ നല്‍കുന്നത് ഇതായിരിക്കും  fate .. rather destiny  ... 20 ദിവസം കൊണ്ട് ജീവിതം നമുക്ക് എതിരെ തിരിഞ്ഞു., അതിനെ നേരിട്ടല്ലേ ഒക്കു.."

"എന്നെ ഇട്ടിട്ടു പോകരുത് .."
അവളുടെ പുരുഷന്‍ ആ വിരലുകളിൽ മുറുക്കി പിടിച്ചു കുഞ്ഞിനെ പോലെ വിതുമ്പി ... ആരൊക്കെയോ  അകത്തു കടന്നു അയാളോട് പുറത്തിരിക്കാമെന്ന് പറഞ്ഞു പതുക്കെ എഴുന്നേല്‍പ്പിച്ചു ..
"ചെറിയച്ചാ അവനെ ഇവിടെ ഇരുത്തണം അച്ഛനും അമ്മയും കൂടെ ഇവിടെ ഇരിക്കു ബാക്കിയുള്ളവര്‍ പുറത്തു നിക്കട്ടെ ..അവള്‍ തുടര്‍ന്നു
നിനക്ക് കരയാന്‍ അറിയാരുന്നോ ഇത്രയും  ദിവസം ഉണ്ടായിരുന്ന ധൈര്യം എവിടെ പോയി ? എടാ .. ഇതിപ്പോഴേ  അറിഞ്ഞത്  എത്ര നന്നായി.. കുറച്ചു വൈകിയിരുന്നെങ്കിലോ ? നമ്മടെ കല്യാണം കഴിഞ്ഞ് ചിലപ്പോൾ കുട്ടികളായി ...എത്ര പേര് കരയണം ?   നിന്‍റെ  ഫിലോസഫി പ്രകാരംതുടക്കവും ഒടുക്കവും അറിയാത്ത ജീവിതമല്ലേ നമ്മുടേത്‌ ..ഇപ്പോള്‍  അതിന്‍റെ   അറ്റത്താണ് ഞാന്‍ .. നമ്മള്‍ ഇനിയും  കാണും  .... അതെനിക്ക് ഉറപ്പാണ്‌ .......
  • മനുഷ്യന്റെ മരുന്നുകൾ  ശരീരം ചർദ്ധിച്ചു പുറം തള്ളി.സ്വര്‍ഗത്തിലേക്ക് പ്രാര്‍ത്ഥനകൾ ഒഴുകി .. അതിനൊടുക്കം ഒരു ആത്മാവ് ഉയരങ്ങളിലേക്കുയര്‍ന്നു...അന്നും മഴ കൊണ്ട് ഭൂമി കുളിര്‍ത്തു.
                                                        ********** ********* ********
മഴകൊണ്ട്‌  തണുത്തുവിറച്ച പ്രഭാതത്തിൽ , കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധക്ക്‌ കമ്പിളി പുതപ്പെറിഞ്ഞു കൊടുത്തിട്ട് ആ യുവാവ്‌ നടന്നകന്നു ....
ബേട്ടാ............
ഒരു നിമിഷം എന്തോ കൊളുത്തി വലിച്ചത് പോലെ അയാള്‍ നിന്നു ..എന്നിട്ട് പുറകോട്ടോടി ..വിതുമ്പി ചിരിച്ചു .. ആ വൃദ്ധയുടെ മുഖം കൈയ്യിലെടുത്തുകൊണ്ട്  അയാള്‍ ചോദിച്ചു ...
നിനക്ക് സുഖമാണോ..?